കൊച്ചി. ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് തിരുവനന്തപുരം സെൻട്രൽ-മധുര ജങ്ഷൻ അമൃത എക്സ്പ്രസ് (16343/ 16344 Amritha Express) രാമേശ്വരത്തേക്ക് നീട്ടുന്നു. റെയില്‍വേ ബോര്‍ഡ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. എറണാകും-രാമേശ്വരം സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തലാക്കിയതിനു പകരം അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുമെന്ന് പ്രഖ്യാപനം ഇതുവരെ നടപ്പായിരുന്നില്ല. ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിയ പഴയ പാമ്പന്‍ പാലത്തിനു പകരം പുതിയ പാമ്പന്‍ പാലം പണി പൂര്‍ത്തിയാകാത്തതിനാല്‍ നിലവില്‍ മണ്ഡപം വരെയായിരിക്കും സര്‍വീസ്. ഡിസംബര്‍ പുതിയ പാലം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതു തുറന്നാല്‍ അമൃത എക്സ്പ്രസിന് രാമേശ്വരം വരെ എത്തിച്ചേരാനാകും.
ചെന്നൈ എഗ്മോർ-രാമേശ്വരം എക്സപ്രസുമായി (16851/16852) റേക്ക് മെർജ് ചെയ്തായിരിക്കും അമൃത എക്സപ്രസിന്റെ രാമേശ്വരം സര്‍വീസ്. രാമേശ്വരത്ത് ഉച്ചയ്ക്ക് എത്തുന്ന അമൃത എക്സ്പ്രസിന്റെ കോച്ചുകള്‍ വൈകീട്ട് രാമേശ്വരം-ചെന്നൈ സര്‍വീസിന് ഉപയോഗിക്കുകയും ചെന്നൈയില്‍ നിന്ന് രാവിലെ രാമേശ്വരത്ത് എത്തുന്ന എക്സ്പ്രസിന്റെ കോച്ചുകള്‍ ഉച്ചയ്ക്ക് അമൃത എക്സ്പ്രസായി തിരുവനന്തപുരത്തേക്ക് വിടുകയും ചെയ്യും. തിരുവനന്തപുരത്തിനും മധുരയ്ക്കുമിടയിലെ സമയക്രമങ്ങളില്‍ മാറ്റമുണ്ടാകില്ല. മധുര മുതൽ രാമേശ്വരം വരെ നീട്ടിയ റൂട്ടിൽ അമൃത എക്സ്പ്രസിന് മൂന്ന് സ്റ്റോപ്പുകളുണ്ടാകും. രാവിലെ 9.50ന് മധുരയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.40ന് രാമേശ്വരത്ത് എത്തും. തിരിച്ച് രാമേശ്വരത്ത് നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് മധുരയിൽ 4.10ന് എത്തിച്ചേരും.
ഇതിനു മുന്നോടിയായി ഈയിടെ അമൃത എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം കൂട്ടിയിരുന്നു. ഇനി ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചു കൂടി അമൃതയില്‍ വരും. ഇതോടെ അമൃത എക്സപ്രസില്‍ 13 സ്ലീപ്പറുകളും, 3 തേഡ് എസികളും, ഒരു സെക്കന്‍ഡ് എസിയും ഒരു ഫസ്റ്റ് എസിയും രണ്ട് ജനറല്‍ കമ്പാര്‍ട്ട്മെന്റുകളും 2 എസ്എല്‍ആര്‍ കോച്ചുകളും ഉണ്ടാകും.