AIR INDIA രൂപവും ഭാവവും മാറ്റുന്നു; ഡിസംബർ മുതൽ കാണാം

ന്യൂ ദൽഹി. ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയ ശേഷം എയർ ഇന്ത്യയ്ക്ക് (Air India) ആദ്യമായി വലിയ രൂപമാറ്റം വരുന്നു. റീബ്രാൻഡ് ചെയ്ത എയർ ഇന്ത്യയുടെ പുതിയ രൂപവും ഭാവവും കമ്പനി അവതരിപ്പിച്ചു. ദ വിസ്റ്റ എന്ന പുതിയ കോൺസപ്റ്റിലാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുണ്ടായിരുന്ന റെഡ്, വൈറ്റ് നിറങ്ങൾക്കൊപ്പം ഗോൾഡൻ, പർപ്പിൾ നിറങ്ങൾ കൂടി ചേർന്നതാണ് പുതിയ ലിവറി ഡിസൈൻ. ടാറ്റയുടെ തന്നെ വിസ്താര എയർലൈൻസിന്റെ നിറങ്ങളാണ് പുതുതായി എയർ ഇന്ത്യയിലും ഇടം പിടിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബർ മുതൽ പുതിയ രൂപം എയർ ഇന്ത്യ വിമാനങ്ങളിൽ കണ്ടു തുടങ്ങും.

ഇത് വെറും സൗന്ദര്യവര്‍ധക മാറ്റങ്ങൾ മാത്രമല്ലെന്നും എയർ ഇന്ത്യ അടിമുടി മാറാൻ പോകുകയാണെന്നും എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. സാങ്കേതികവിദ്യാ പരിഷ്ക്കരണങ്ങളിലാണ് കമ്പനിയുടെ പ്രധാന ഊന്നൽ. അടുത്ത ഒരു വർഷത്തിനകം ഏറ്റവും മികച്ച സാങ്കേതിക വിദ്യയും ഐടി സംവിധാനങ്ങളും എയർ ഇന്ത്യ വിമാനങ്ങളിൽ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം.

Also Read മിക്ക വിമാന യാത്രക്കാർക്കും ഈ ഓഫറുകളെ കുറിച്ചറിയില്ല

നിലവിലുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ ഉൾവശങ്ങളും അടിമുടി പുതുക്കിപ്പണിയും. 2025 അവസാനത്തോടെ എല്ലാ വലിയ വിമാനങ്ങളുടേയും ഇന്റീരിയറിൽ പുതിയ മാറ്റങ്ങളുണ്ടാകും. ഇതിനായി കമ്പനി 40 കോടി ഡോളറാണ് ചെലവിട്ടതെന്ന് സിഇഒ കാംപൽ വിൽസൺ പറഞ്ഞു. ആഗോള തലത്തിൽ സ്വീകാര്യമായ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനാണിത്. പുതുതായി എയർ ഇന്ത്യ വാങ്ങുന്ന 470 ബോയിങ്, എയർബസ് വിമാനങ്ങൾ പൂർണമായും പുതിയ രൂപത്തിലായിരിക്കും എത്തുക. അതേസമയം ഇവ എത്താൻ സമയമെടുക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

എയർ ഇന്ത്യ സർവീസുള്ള എല്ലാ വിദേശ രാജ്യങ്ങളിലും പ്രീമിയം യാത്രക്കാർക്കായി സ്വന്തം ലോഞ്ചും എയർ ഇന്ത്യയ്ക്ക് ഉണ്ടായിരിക്കും. ദൽഹിയിലും ന്യൂയോർക്കിലും പുതിയ ലോഞ്ചുകൾ വരും. പതിറ്റാണ്ടുകളായി എയർ ഇന്ത്യയുടെ മുദ്രയായിരുന്നു മഹാരാജയെ കൈവിടില്ലെന്ന് സിഇഒ പറഞ്ഞു. എയർ ഇന്ത്യയുടെ ലോഗോയിൽ നിന്ന് മാറ്റി നിർത്തിയെങ്കിലും മഹാരാജ പുതിയ ഇടങ്ങളിൽ മുഖംകാണിക്കുമെന്നാണ് പറയുന്നത്.

Legal permission needed