നവി മുംബൈ. കനത്ത മഴയെ തുടര്‍ന്ന് മഥേരാന്‍ ഹില്‍ സ്റ്റേഷനിലെ മല്ദുംഗ വ്യൂ പോയിന്റിനു സമീപം മലയില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ടൂറിസ്റ്റുകള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി മഥേരാന്‍ ഹില്‍ സ്റ്റേഷന് മുനിസിപ്പല്‍ കൗണ്‍സില്‍ ഈ കേന്ദ്രം അടച്ചു. 100 മീറ്റര്‍ നീളവും ആറടി വീതിയുമുള്ള വിള്ളലാണ് കണ്ടത്. മണ്ണും ചെളിയും കലര്‍ന്ന് വെള്ളച്ചാട്ടം പോലെ താഴേക്ക് ഒഴുകുന്നുമുണ്ട്. മേഖലയില്‍ 182 മില്ലി മീറ്റര്‍ മഴയാണ് കഴിഞ്ഞ രേഖപ്പെടുത്തിയത്. പന്‍വേലിലെ ദെഹ്രംഗ് (ഗധേശ്വര്) ഡാമിനു സമീപമാണ് മല്ദുംഗ പോയിന്റ്.
കഴിഞ്ഞ 10 ദിവസത്തിനിടെ മഥേരാനില് 1987 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇവിടെ 36 വ്യൂ പോയിന്റുകളുണ്ട്. മല്ദുംഗ വ്യൂ പോയിന്റിന് ഏതാനും മീറ്ററുകള്‍ അടുത്താണ് ഭൂമിയില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. ജൂലൈ 20നാണ് മഥേരാനില് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 398 മില്ലിമീറ്റര്‍ മഴ പെയ്തതിനെ തുടര്‍ന്ന് ചൗക് പോയിന്റിനടുത്ത ഇര്‍ഷല്‍വാഡിയില്‍ മണ്ണിടിച്ചിലും ഉണ്ടായി.