Japan Airlines വസ്ത്രം വാടകയ്ക്ക് നൽകും, ലഗേജ് ചുമക്കേണ്ട; ഇതിലൊരു പാഠമുണ്ട്

വസ്ത്രങ്ങള്‍ വാടകയ്ക്ക് ലഭിക്കുന്നതില്‍ ഒരു പുതുമയുമില്ല. എന്നു മാത്രമല്ല, സാധാരണവുമാണ്. എന്നാല്‍ ഒരു വിമാന കമ്പനി യാത്രക്കാര്‍ക്ക് വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നു എന്നറിയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചു പോകും. അതെ, ജപാന്‍ എയര്‍ലൈന്‍സാണ് (Japan Airlines) യാത്രക്കാര്‍ക്കായി വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ വലിയൊരു പാഠവും സന്ദേശവുമുണ്ട്.

സുസ്ഥിര സഞ്ചാരം
ഇക്കോ ഫ്രണ്ട്‌ലി ആയിരിക്കുക എന്നതിന് ലോകമൊട്ടാകെ വലിയ സ്വീകാര്യതയാണിപ്പോള്‍. പരിസ്ഥിതിയേയും പ്രകൃതിയേയും ഹനിക്കാതെ സുസ്ഥിരതയ്ക്കു വേണ്ടതെല്ലാം ഉറപ്പാക്കുക എന്ന നയത്തിന് എല്ലാ വ്യവസായങ്ങളും മുന്തിയ പരിഗണനയാണ് ഇപ്പോള്‍ നല്‍കി വരുന്നത്. അങ്ങനെയാണ് വിനോദ സഞ്ചാര വ്യവസായ രംഗത്തും സുസ്ഥിര സഞ്ചാരം (Sustainable travel) എന്ന ആശയം ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.

ബുക്കിങ് ഡോട്ട് കോമിന്റെ സുസ്ഥിര യാത്ര റിപോര്‍ട്ട് (Sustainable travel report) 2023 പറയുന്നത് ഭൂരിപക്ഷം സഞ്ചാരികളും സുസ്ഥിര യാത്രകള്‍ ആഗ്രഹിക്കുന്നു എന്നാണ്. 35 രാജ്യങ്ങളിലായി 33,000 സഞ്ചാരികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 76 ശതമാനം സഞ്ചാരികളും പറഞ്ഞത് യാത്രകള്‍ കൂടുതല്‍ സുസ്ഥിരമാകേണ്ടതുണ്ട് എന്നാണ്. സഞ്ചാരികളുടെ ഈ അഭിപ്രായം മാനിച്ചാണ് സുസ്ഥിരതയ്ക്ക് പുതിയൊരു ശ്രമമെന്ന നിലയില്‍ ജപാന്‍ എയര്‍ലൈന്‍സ് വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതി ആരംഭിച്ചത്.

ലഗേജുകളില്‍ വസ്ത്രങ്ങള്‍ കുറയ്ക്കുന്നതു വഴി വിമാനത്തിന്റെ ഭാരം കുറയ്ക്കുകയും അതുവഴി കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നത് കുറയ്ക്കുകയുമാണ് ലക്ഷ്യം. Any Wear Anywhere എന്ന പേരില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലോത്തിങ് റെന്റല്‍ (Clothing Rental serivce) സേവനം ആരംഭിക്കുന്നത്. ഈ പേരിൽ ഒരു ഓൺലൈൻ സ്റ്റോറും തുറന്നിട്ടുണ്ട്. ജപാന്‍ എയര്‍ലൈന്‍ വിമാനങ്ങളില്‍ ജപാനിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ജപാനില്‍ കഴിയുമ്പോള്‍ ധരിക്കാനുള്ള വസ്ത്രങ്ങല്‍ കാലാവസ്ഥയ്ക്കും മറ്റാവശ്യങ്ങള്‍ക്കും അനുയോജ്യമായി തിരഞ്ഞെടുക്കാം. സുമിതൊമോ കോര്‍പറേഷന്‍ എന്ന കമ്പനിയാണ് വസ്ത്ര വാടകയുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഓര്‍ഡര്‍ ചെയ്ത വസ്ത്രങ്ങള്‍ ഇവര്‍ താമസസ്ഥലത്ത് എത്തിക്കും. 13 മാസത്തേക്കാണ് ഈ പദ്ധതി ജപാന്‍ എയര്‍ലൈന്‍സ് പരീക്ഷിക്കുക. യാത്രക്കാരുടെ ലഗേജ് ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ടോ എന്ന് ഈ കാലയലളവില്‍ ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തി പരിശോധിക്കും. ഈ പദ്ധതി പുനരുപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. നല്ല ഗുണനിരവാലമുള്ള പഴയ വസ്ത്രങ്ങളും വസത്ര കമ്പനികളുടെ അധിക സ്റ്റോക്കും ജപാന്‍ എയര്‍ലൈന്‍സ് ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്തും.

സഞ്ചാരികള്‍ക്കുള്ള ഗുണം
യാത്രകളില്‍ വസ്ത്രങ്ങളെല്ലാം വാരിവലിച്ച് കൂടെ കൊണ്ടു പോകേണ്ടതില്ല എന്നതാണ് ആദ്യ ഗുണം. ഇവ അലക്കിത്തേക്കുന്നതിനെ കുറിച്ചും ചിന്തിക്കേണ്ടതില്ല. ഇതുവഴി സമയവും ധനവും ലാഭിക്കാം. മാത്രവുമല്ല, വെറൈറ്റി ഫാഷനുകള്‍ ചുരുങ്ങിയ ചെലവില്‍ പരീക്ഷിക്കാനും അവസരം ലഭിക്കുന്നു. ഒരു വിമാന യാത്രക്കാരന്റെ ലഗേജ് ഭാരം ഓരോ 10 കിലോയും കുറയുമ്പോള്‍ അതുവഴി 7.5 കിലോ കാര്‍ബണ്‍ മാലിന്യം പുറന്തള്ളല്‍ കുറയുന്നുവെന്നാണ് ജപാന്‍ എയര്‍ലൈന്‍സ് പറയുന്നത്. ആഗോള തലത്തില്‍ കാര്‍ബണ്‍ പുറന്തള്ളലില്‍ വലിയ പങ്കാണ് വിമാനങ്ങള്‍ക്കുള്ളത്.

Legal permission needed