ന്യൂ ദല്‍ഹി. ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ (Akasa Air) ആഭ്യന്തര വിപണി വിഹിതത്തില്‍ സ്‌പൈസ് ജെറ്റിനെ കടത്തിവെട്ടി അഞ്ചാം സ്ഥാനത്തെത്തി. സര്‍വീസ് ആരംഭിച്ച് ഒരു വര്‍ഷം പിന്നിടാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഈ നേട്ടം. 19 വിമാനങ്ങളാണ് ആകാശ എയറിനുള്ളത്. 20ാമത്തെ വിമാനം വൈകാതെ എത്തും. ഈ വർഷം അവസാനത്തോടെ വിദേശ സർവീസുകളും ആരംഭിക്കുമെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായി വിനയ് ദുബെ അറിയിച്ചിരുന്നു. ജൂണില്‍ 6.2 ലക്ഷം യാത്രക്കാരാണ് ആകാശ എയര്‍ വിമാനങ്ങളില്‍ പറന്നത്. സ്‌പൈസ് ജെറ്റിന് ലഭിച്ചത് 5.5 ലക്ഷം യാത്രക്കാരേയും.
ആഭ്യന്തര വ്യോമഗതാഗത രംഗത്ത് 63.2 ശതമാനം വിപണി വിഹിതത്തോടെ ഇന്‍ഡിഗോ ആണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി വിഹിതം 9.7 ശതമാനമാണ്. എയര്‍ ഇന്ത്യയുടെ സഹോദര കമ്പനികളായ വിസ്താര 8.1 ശതമാനം വിഹിതവുമായി മൂന്നാം സ്ഥാനത്തും എയര്‍ ഏഷ്യ ഇന്ത്യ 8 ശതമാനവുമായി നാലാം സ്ഥാനത്തുമുണ്ട്. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള വിമാന കമ്പനികളുടെ മൊത്തത്തിലുള്ള വിപണി വിഹിതം 25.8 ശതമാനം വരും. ഇന്‍ഡിഗോയുടെ പകുതി പോലും വരുന്നില്ല ഇത്.
ചുരുങ്ങിയ കാലയളവില്‍ 4.9 ശതമാനം വിപണി വിഹിതം നേടാന്‍ ആകാശ എയറിനു കഴിഞ്ഞു. 4.4 ശതമാനമാണ് സ്‌പൈസ് ജെറ്റിന്റെ വിഹിതം. 35 യാത്രാ വിമാനങ്ങളുള്ള സ്‌പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതുമൂലം നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു.
50ലേറെ വിമാനങ്ങളുമായി മുന്നേറിയിരുന്ന ഗോഫസ്റ്റ് (ഗോ എയര്‍) കടുത്ത പ്രതിസന്ധിയിലകപ്പെട്ട് മേയ് മൂന്നു മുതല്‍ എല്ലാ സര്‍വീസുകളും റദ്ദാക്കിയത് മറ്റു വിമാന കമ്പനികള്‍ക്ക് നേട്ടമായി. ഇതുകാരണം മറ്റു എയര്‍ലൈനുകളിലെ യാത്രക്കാരുടെ തിരക്ക് 90 ശതമാനത്തിനും മുകളിലായിരുന്നു.
2023 ജൂണില്‍ രാജ്യത്തിനകത്ത് 1.2 കോടി ആളുകള്‍ വിമാന യാത്ര നടത്തിയതായും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) കണക്കുകള്‍ പറയുന്നു. മുന്‍ വര്‍ഷം ജൂണില്‍ ഇത് 1.1 കോടി ആയിരുന്നു. ഇത്തവണ 19 ശതമാനമാണ് വര്‍ധന. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 7.6 കോടി പേരാണ് ആഭ്യന്തര യാത്രക്കാരായി വിമാനങ്ങളില്‍ യാത്ര ചെയ്തത്. മുന്‍ വര്‍ഷം ഇതേകാലയളവിലെ 5.7 കോടി യാത്രക്കാരെ അപേക്ഷിച്ച് 33 ശതമാനമാണ് വര്‍ധന.