മൈസൂരു. നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൈസൂര്‍ പാലസിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വാഹന ഗതാഗതം വിലക്കാന്‍ പദ്ധതി. വാഹന മുക്തമായ ട്രാഫിക് ഫ്രീ സോണ്‍ ആക്കി മാറ്റാനാണു ആലോചനയെന്ന് മന്ത്രി എച്. സി. മഹാദേവപ്പ അറിയിച്ചു. മൈസുരുവിലെ സുപ്രധാന കാര്യാലയങ്ങളും വാണിജ്യ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ട് മേഖലയിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കുന്നതിനാണ് മൈസൂര്‍ പാലസ് പരിസരം ഫ്രീ ട്രാഫിക് സോണ്‍ ആക്കി മാറ്റുന്നത്.
ചാമുണ്ഡി ഹില്‍സിനെ സംരക്ഷിത മേഖലയാക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി അറിയിച്ചു. ചാമുണ്ഡി ഹില്‍സിനെ പ്രകൃതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കുന്നിനു മുകളിലും പരിസരത്തും വന്‍കിട നിര്‍മാണങ്ങളും മറ്റും നിയന്ത്രിക്കും.
ചാമുണ്ഡി ഹില്‍സില്‍ തീര്‍ത്ഥാടന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 45.70 കോടി രൂപ അനുവദിച്ചതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പദ്ധതി മേഖലയെ ഒരു കോണ്‍ക്രീറ്റ് വനമാക്കി മാറ്റുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്.