ഷാര്‍ജ. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുതല്‍ എട്ടു മണിക്കൂര്‍ മുന്‍പ് വരെ വിമാനത്താവളത്തില്‍ പോകാതെ തന്നെ ചെക്ക്-ഇന്‍ ചെയ്യാവുന്ന സിറ്റി ചെക്ക് ഇന്‍ സംവിധാനം ഷാര്‍ജയില്‍ എയര്‍ അറേബ്യ അവതരിപ്പിച്ചു. അല്‍ മദീന ഷോപ്പിങ് സെന്ററിന് സമീപത്തെ മുവയ്‌ലിലാണ് എയര്‍ അറേബ്യയുടെ സിറ്റി ചെക്ക് ഇന്‍ കേന്ദ്രം. രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. ഷാർജയിലെ സഫീര്‍ മാളിലും സിറ്റി ചെക്ക് ഇന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.
യാത്ര പുറപ്പെടുന്നതിന് വളരെ നേരത്തെ തന്നെ ലഗേജുകള്‍ കൈമാറി ബോഡിങ് പാസ് സ്വന്തമാക്കി യാത്രയുടെ സമയത്ത് മാത്രം വിമാനത്തിലേക്ക് കയറിയാല്‍ മതി എന്നതാണ് ഈ സേവനം നല്‍കുന്ന സൗകര്യം. വിമാനത്താവളത്തിലെ ചെക്ക് ഇന്‍ നടപടികള്‍ക്കായി വരി നില്‍ക്കുന്നതും കാത്തിരിപ്പും തിരക്കുകളും ഒഴിവാക്കാം.
വിമാനത്താവളത്തിലെ എല്ലാ ചെക്ക് ഇന്‍ സേവനങ്ങളും സിറ്റി ചെക്ക് ഇന്‍ കേന്ദ്രത്തിലും ലഭിക്കും. ലഗേജ് അധികഭാരം ഉണ്ടെങ്കില്‍ ഫീസും ഇവിടെ നല്‍കിയാല്‍ മതി. ചെക്ക് ഇന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യാത്രാ സമയത്ത് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിലേക്ക് നേരിട്ടു പോകാം. ഷാര്‍ജയ്ക്കു പുറമെ റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലും എയർ അറേബ്യയുടെ സിറ്റി ചെക്ക് ഇന്‍ കേന്ദ്രങ്ങളുണ്ട്. ഈ എമിറേറ്റുകളിലുള്ളവരും കൂടുതലായി ആശ്രയിക്കുന്നത് ഷാര്‍ജ വിമാനത്താവളത്തെയാണ്. ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവർക്കു മാത്രമുള്ളതാണ് ഈ ചെക്ക് ഇൻ സംവിധാനം. അബു ദബി രാജ്യാന്തര വിമാനത്താവളത്തി നിന്ന് പുറപ്പെടുന്നവർക്കായി അഞ്ച് സിറ്റി ചെക്ക് ഇൻ കേന്ദ്രങ്ങൾ അബു ദബിയിലും പ്രവർത്തിക്കുന്നുണ്ട്.