KSRTC ബജറ്റ് ടൂറിസം കൂടുതൽ ട്രിപ്പുകൾ മൂന്നാറിലേക്ക്; ഇനി ആപ്പും വരുന്നു

trip updates

തിരുവനന്തപുരം. വേനലവധി സീസണിൽ ലക്ഷ്യമിട്ടതിലേറെ പാക്കേജ് യാത്രകൾ നടത്തിയും ലാഭം കൊയ്തും KSRTC ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിൽ 42 വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കായി 564 ട്രിപ്പുകളാണ് സംഘടിപ്പിച്ചത്. 25 ഡിപ്പോകളിൽ നിന്നായിരുന്നു ഈ യാത്രകൾ. 25,831 പേർ ഈ പാക്കേജുകളിലായി യാത്ര ചെയ്തു. 2.40 കോടി രൂപയാണ് ഇതുവഴി ഏപ്രിലിൽ മാത്രം കെഎസ്ആർടിസി നേടിയത്. ഈ സീസണിൽ രണ്ടര കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മേയ് മാസത്തെ കണക്കുകൾ കൂടി ചേരുമ്പോൾ ഇതിനിയും ഉയരും.

മൂന്നാറിലേക്കാണ് ഏറ്റവും കൂടുതൽ പാക്കേജ് യാത്രകൾ കെഎസ്ആർടിസി സംഘടിപ്പിച്ചത്. മൂന്നാറിൽ രാത്രി താമസത്തിന്‌ ചുരുങ്ങിയ ചെലവിൽ കെഎസ്‌ആർടിസിയുടെ തന്നെ സ്ലീപ്പർ ബസുകളുണ്ട് എന്നത് ഏറെ യാത്രികരെ ആകർഷിച്ചു. മറ്റു വാഹനങ്ങളിൽ മൂന്നാറിൽ എത്തുന്നവർക്കും ഇതുപയോഗപ്പെടുത്താം. ചുരുങ്ങിയ തുകയ്‌ക്ക്‌ സ്ലീപ്പർബസിൽ സ്ഥലങ്ങൾ കാണാനും അവസരമുണ്ട്‌.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ പ്രത്യേക കടൽയാത്രാ പാക്കേജായി ഒരുക്കിയ കൊച്ചിയിൽനിന്നുള്ള നെഫ്രിറ്റിറ്റി ആഡംബരക്കപ്പൽ യാത്രയാണ്‌ ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുത്ത രണ്ടാമത്തെ പാക്കേജ് ടൂർ. ഗവി, മലക്കപ്പാറ, വാഗമൺ, വയനാട് എന്നിവിടങ്ങളിലേക്കുള്ള ടൂറുകൾക്കും കെഎസ്ആർടിസിക്കൊപ്പം ഏറെ പേരെത്തി. ഭക്ഷണം കൂടി ഉൾപ്പെട്ട ഗവി പാക്കേജ് ആറു മാസത്തിനിടെ 450 ട്രിപ്പുകൾ സംഘടിപ്പിച്ചു. ഇവയിൽ 160 ട്രിപ്പുകളും വേനലവധിക്കാലമായിരുന്ന ഏപ്രിൽ, മെയ് മാസങ്ങളിലായിരുന്നു.

Also Read നെഫ്രറ്റിറ്റി കൊച്ചിയിൽ ഒരു ആഡംബര കപ്പൽ യാത്ര

ജൂണിൽ മഴക്കാലമെത്തുന്നതോടെ മൺസൂൺ ടൂറിസം പാക്കേജുകളാണ് കെഎസ്ആർടിസുടെ അടുത്ത പദ്ധതി. ഗവി, അതിരപ്പിള്ളി, മാമലക്കണ്ടം, മുന്നാർ യാത്രകളും ഈ പാക്കേജിൽ ഉൾപ്പെടും. 40 പേരടങ്ങുന്ന സംഘത്തിന് ഒന്നിച്ചും കെഎസ്ആർടിസി പാക്കേജ് യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ബസുകളുടെ ലഭ്യതയനുസരിച്ചായിരിക്കുമിത്.

വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട്‌ 2021 നവംബറിലാണ്‌ കെഎസ്ആർടിസി ബജറ്റ്‌ ടൂറിസം സെൽ രൂപീകരിച്ചത്. അടുത്തമാസം ഇതിനായി മാത്രം പുതിയ മൊബൈൽ അപ്ലിക്കേഷനും പുറത്തിറക്കുന്നുണ്ട്. പുതിയ പാക്കേജുകളും സംവിധാനങ്ങളും വരുന്നതോടെ ചുരുങ്ങിയ ചെലവിൽ വിനോദയാത്ര നടത്താൻ ആഗ്രഹിക്കുന്നവരെ കൂടുതലായി ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.

One thought on “KSRTC ബജറ്റ് ടൂറിസം കൂടുതൽ ട്രിപ്പുകൾ മൂന്നാറിലേക്ക്; ഇനി ആപ്പും വരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed