നാഗർകോവിൽ. അവധിക്കാലമായതോടെ തൃപ്പരപ്പില്‍ സഞ്ചാരികളുടെ തിരക്ക്. വെള്ളച്ചാട്ടം കാണാനും കുളിക്കാനുമായി നിരവധി പേരാണെത്തുന്നത്. കേരളവും കന്യാകുമാരിയും കാണാത്തുന്ന വടക്കേ ഇന്ത്യക്കാരും വിദേശികളും അവരുടെ യാത്രയില്‍ ഉള്‍പ്പെടുത്തുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം ഈ വര്‍ഷവും സന്ദര്‍ശകരുടെ പ്രിയ ഇടമായി മാറിയിട്ടുണ്ട്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണിത്. വേനലവധിയും മഴയും ആണ് കൂടുതല്‍ ആളുകളെയും തൃപ്പരപ്പിലേക്ക് എത്തിക്കുന്നത്. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് തൃപ്പരപ്പ് അത്ര പരിചിതമായിരിക്കില്ല. കൊല്ലം, തിരുവനന്തപുരം ജില്ലക്കാര്‍ തങ്ങളുടെ ഏകദിന യാത്രകള്‍ക്കായും കന്യാകുമാരി യാത്രയിലെ ഒരു സ്റ്റോപ്പ് ആയും തൃപ്പരപ്പിലേക്ക് സ്ഥിരം യാത്ര പോകുന്നവരാണ്. നഗരത്തിന്റെ തിരക്കും ക്ഷീണവും മറ്റുവാനും ഒരു പകല്‍ ഏറ്റവും രസകരമായി ചിലവഴിക്കുവാനും ഏറ്റവും മികച്ച സ്ഥലം കൂടിയാണിത്.
കുടുംബത്തോടൊപ്പം സുരക്ഷിതമായും കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിക്കാനും ഒരുപോലെ പറ്റുന്ന ഇവിടെ എല്ലാ പ്രായത്തിലുമുള്ളവര്‍ വരുന്നു. പശ്ചിമഘട്ടത്തില്‍ നിന്നും കാട്ടിലൂടെയും പാറക്കെട്ടുകളിലൂടെയും താളത്തിലൊഴുകിയെത്തുന്ന വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച വളരെ മനോഹരമാണ്. നീണ്ട, വിശാലമായ പാറക്കെട്ടിലൂടെ താഴേക്ക് വീഴുന്നത് കാണുമ്പോള്‍ ഒരു മിനി അതിരപ്പിള്ളി പോലെ തന്നെ ഇതു തോന്നിക്കും. കുമാരി കുറ്റാലം എന്ന പേരും തൃപ്പരപ്പ് വെള്ളച്ചാട്ടത്തിനുണ്ട്. തമിഴ്‌നാട്ടിലെ ഏറ്റവം പ്രസിദ്ധമായ നദികളിലൊന്നായ താമ്രഭരണി നദിയിലാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിനു പുറകിലുള്ള തൃപ്പരപ്പ് ക്ഷേത്രത്തില്‍ നിന്നും അല്പം മാറി കോതയാര്‍ നദി 50 അടി മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നതാണ് തൃപ്പരപ്പ് വെള്ളച്ചാട്ടമായി മാറുന്നത്. കാട്ടില്‍ നിന്നും ഒഴുകിവരുന്ന ഒരരുവി ഇത്ര മനോഹരമായ ഒരു വെള്ളച്ചാട്ടമായി മാറുന്നതാണ് കാഴച്ചക്കാരെ അന്ധാളിപ്പിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ കാഴ്ചകള്‍ക്കൊപ്പം മലനിരകളുടെയും കാടിന്റെയും പച്ചപ്പും ഇതിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.
വെള്ളച്ചാട്ടത്തിലെത്തുന്നവര്‍ക്ക് നനഞ്ഞു കയറുവാനും വിശ്രമിക്കുവാനും വസ്ത്രം മാറുവാനുമെല്ലാം പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിലിറങ്ങി കുളിക്കുവാനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ഇടങ്ങളാണുള്ളത്. വന്ന് കാഴ്ചകള്‍ കണ്ട് വിശ്രമിക്കുവാന്‍ കല്‍മണ്ഡപവും കാണാം. ഇത് കൂടാതെ വെള്ളച്ചാട്ടത്തിനടുത്ത് ചെറിയൊരു സ്വിമ്മിങ് പൂളും കുട്ടികള്‍ക്ക് ഉല്ലസിക്കുവനാനായി ഒരു പാര്‍ക്കും ഉണ്ട്. ഇത് കൂടാതെ തൃപ്പരപ്പില്‍ ബോട്ട് സര്‍വീസും ലഭ്യമാണ്. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെ നൽകി, സുരക്ഷിതമായ യാത്രയാണ് ഇതുറപ്പ് വരുത്തുന്നത്. പത്ത് രൂപയാണ് തൃപ്പരപ്പിലേക്ക് ഒരാള്‍ക്കുള്ള പ്രവേശന നിരക്ക്. കാര്‍ പാര്‍ക്കിംഗിന് 50 രൂപയും ബോട്ടിംഗിന് ഒരാള്‍ക്ക് 50 രൂപയും നൽകണം.
സാധാരണയായി കന്യാകുമാരിയിലേക്കുള്ള യാത്രയിലാണ് തൃപ്പരപ്പ് ആളുകള്‍ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത്. നെയ്യാര്‍ ഡാം, ചിറ്റാര്‍ ഡാം, ചേച്ചിപ്പാറ അണക്കെട്ട്, തിരുവിതാംങ്കോട് അരപ്പള്ളി, പത്മനാഭപുരം കൊട്ടാരം, മാത്തൂര്‍ തൊട്ടിപ്പാലം, വട്ടക്കോട്ട, കന്യാകുമാരി, ശുചീന്ദ്രം എന്നീ സ്ഥലങ്ങള്‍ കണ്ടുവരുന്ന വിധത്തില്‍ യാത്ര പ്ലാന്‍ ചെയ്യം. താത്പര്യമുണ്ടെങ്കില്‍ ചിതറാല്‍ ജൈന ക്ഷേത്രം കൂടി ഈ യാത്രയില്‍ ഉള്‍പ്പെടുത്താം.
കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തായ വെള്ളറടയില്‍ നിന്നും വെറും എട്ട് കിലോമീറ്റര്‍ ദൂരം മാത്രമേ തൃപ്പരപ്പ് വെള്ളച്ചാട്ടത്തിലേക്കുള്ളൂ. ചിതറാല്‍ കൂടി സന്ദര്‍ശിച്ചാണ് പോകുന്നതെങ്കില്‍ അരുമന കളിയല്‍ വഴി 15 കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. തിരുവനന്തപുരത്ത് നിന്ന് 55 കിമി, നാഗര്‍കോവിലില്‍ നിന്ന് 34 കിമീ, കുലശേഖരത്ത് നിന്ന് 5 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.