വിനോദസഞ്ചാരികൾക്കായി പ്രകൃതി തന്നെ ഒട്ടേറെ വിഭവങ്ങൾ ഒരുക്കിവച്ച നാടാണ് മഹാരാഷ്ട്ര. മുംബൈ എന്ന മഹാനഗരത്തിന്റെ ചിത്രമാണ് മഹാരാഷ്ട്ര എന്ന് കേട്ടാൽ ഏറെ പേരുടേയും മനസ്സിൽ തെളിയുന്ന ചിത്രം. വൻനഗരങ്ങളേയും പട്ടണങ്ങളേയും കൂടാതെ സഹ്യാദ്രി മലനിരകൾ തൊട്ട് പടിഞ്ഞാറൻ തീരദേശം വരെ നീണ്ടു നിവർന്നു കിടക്കുന്ന മഹാരാഷ്ട്രയിൽ സഞ്ചാരികൾക്ക് എക്സ്പ്ലോർ ചെയ്യാൻ മനോഹരമായ നാട്ടിൽപുറങ്ങളും മലകളും കുന്നുകളും ഒട്ടേറെയുണ്ട്. പ്രകൃതിയേയും വന്യജീവികളേയും ചരിത്രത്തേയും പ്രാദേശിക ഭക്ഷണ വൈവിധ്യത്തേയും അടുത്തറിയാനും കണ്ടറിയാനും ആവോളമുണ്ടിവിടെ. വേനൽ കാലത്തും മഴക്കാലത്തും അവധി ദിനങ്ങൾ ചെലവിടാൻ മികച്ച ഇടങ്ങളാണ് മഹാരാഷ്ട്രയിലെ ഹിൽ സ്റ്റേഷനുകൾ.
മഹാബലേശ്വർ
മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച ഹിൽസ്റ്റേഷൻ ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമെ ഉള്ളൂ. അതാണ് പൂനെയ്ക്ക് അടുത്ത മഹാബലേശ്വർ. അതിമനോഹര പ്രകൃതി ദൃശ്യങ്ങൾ, സ്വച്ഛതയോടെ പരന്ന് കിടക്കുന്ന തടാകങ്ങൾ, രുചികരമായ പഴങ്ങൾ, മികച്ച സൂര്യോദയവും അസ്തമയവും കാണാവുന്ന മികച്ച പോയിന്റുകൾ എന്നിവയെല്ലാം ഈ ഹിൽസ്റ്റേഷനിലുണ്ട്. പൂനെയിൽ നിന്ന് 117 കിലോമീറ്റർ/ മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ ഇവിടെ എത്താം.
ലോണാവാല
ഏറെ കേട്ടു പരിചയിച്ച ഒരു പേരായിരിക്കും ലോണാവാല. മഴക്കാലത്ത് പ്രത്യേക അനുഭവമാണിവിടെ. അതു കൊണ്ടു തന്നെ മൺസൂൺ സീസണിലാണ് സന്ദർശനത്തിന് ഏറ്റവും നല്ലത്. മുറിവിട്ട് പുറത്തിറങ്ങാതെ പ്രകൃതി ദൃശ്യങ്ങൾ കണ്ടാസ്വദിക്കുന്നവർക്ക് പറ്റിയ ഇടം കുടിയാണിത്. ഈറനണിഞ്ഞ് പച്ചപുതച്ച മനോഹര പ്രകൃതിയുടെ ജാലകക്കാഴ്ച വല്ലാത്തൊരു കാഴ്ച തന്നെയാണ്.
ഖണ്ടാല
ഭൂനിരപ്പിൽ നിന്നും 550 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഖണ്ടാല പ്രകൃതി സൗന്ദര്യത്തിനു പുറമെ സാംസ്കാരിക പ്രധാന്യം കൂടിയുള്ള ഹിൽസ്റ്റേഷനാണ്. ലോണവാലയോട് ചേർന്നാണിത്. കോട്ടകളും നിരവധി സാംസ്കാരിക ഇടങ്ങളും പർവത പാതകളും ചുരങ്ങളും വെള്ളച്ചാട്ടങ്ങളും ഈ ഹിൽസ്റ്റേഷനിൽ പലയിടത്തായി വ്യാപിച്ചു കിടക്കുന്നു. മികച്ച സൂര്യോദയവും അസ്തമയ വ്യൂ പോയിന്റുകളും ഉണ്ട്. ഒക്ടോബർ മുതൽ മേയ് വരെയാണ് സന്ദർശനത്തിന് അനുയോജ്യമായ സമയം.
അംബോലി
വന്യജീവികളാൽ സമ്പന്നമായ നിബിഡ വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷനാണ് അംബോലി. മഹാരാഷ്ട്രയുടെ റാണി എന്നും അറിയപ്പെടുന്നു. സിന്ധുദുർഗ് ജില്ലയിൽ സഹ്യാദ്രി മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. അധികമാരും ഇവിടെ എക്സ്പ്ലോർ ചെയ്തിട്ടില്ല. കനത്ത മഴയ്ക്ക് സാധ്യതയുള്ള ഇവിടെ മൂടൽമഞ്ഞും മേഘങ്ങളും പച്ചപ്പും എല്ലായ്പ്പോഴുമുണ്ടാകും. മഹാരാഷ്ട്രയിലെ ഏറ്റവും മഴയലഭ്യതയുള്ള ഇടം കൂടിയാണിത്. മഴക്കാലത്തെ തിങ്ങിനിറഞ്ഞ പച്ചപ്പ് ഇവിടുത്തെ കുളിർമയുള്ള കാഴ്ചയാണ്.
ചിക്കൽധാര
ഇന്ത്യയിൽ അധികമാരും എത്തിപ്പെടാത്ത ഹിൽസ്റ്റേഷനുകളിലൊന്നാണ് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ചിക്കൽധാര. മഹാഭാരത പുരാണകഥയിൽ പരാമർശിക്കപ്പെട്ട ഇടമാണിത്. സമ്പന്നമായ ചരിത്രവും ഈ ഭൂപ്രദേശത്തിനുണ്ട്. ചിക്കൽധാര വന്യജീവി സങ്കേതവും മേൽഘട്ട് ടൈഗർ പ്രൊജക്ടും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാം.
Also Read മഥേരാൻ: വാഹനങ്ങൾക്ക് വിലക്കുള്ള ഇന്ത്യയിലെ ഏക ഗ്രാമം
ഭണ്ഡാർദാര
സഹ്യാദ്രി മലനിരകളിലെ പ്രധാന ഹിൽസ്റ്റേഷനാണ് ഭണ്ഡാർദാര. ക്യാമ്പിങ്, ട്രക്കിങ് തുടങ്ങി വിവിധ ആക്ടിവിറ്റികൾക്ക് പറ്റിയ ഇടം. കൽസുബായ് മല, ആർതർ തടാകം, വിൽസൺ ഡാം, രത്തൻഗഡ് കോട്ട തുടങ്ങി കാണാനും ഒട്ടേറെയുണ്ട് ഇവിടെ. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് സന്ദർശനത്തിന് അനുയോജ്യം.
ഇഗത്പുരി
നാസിക ജില്ലയിലാണ് ഇഗത്പുരി. നദികളും വെള്ളച്ചാട്ടങ്ങളും താഴ്വരകളും കോട്ടകളും തുടങ്ങി ഒട്ടേറെ കാഴ്ചകളും ധാരാളം പച്ചപ്പും ഉണ്ടിവിടെ. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. മുംബൈയിൽ നിന്ന് 130 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സാഹസിക വിനോദങ്ങളും പ്രകൃതി കാഴ്ചകളും ഇഷ്ടപ്പെടുന്നവരുടെ പ്രിയ ഇടമാണ്.
(ഈ പട്ടിക അപൂർണമാണ്)