ഗൂഡല്ലൂർ. നീലഗിരിയിലെ വേനൽക്കാല ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന ഗൂഡല്ലൂർ സുഗന്ധവ്യഞ്ജന മേള ബുധനാഴ്ച (മേയ് 17) വരെ നീട്ടി. ഇന്നലെ സമാപിക്കാനിരുന്ന പ്രദർശന മേളയ്ക്ക് വൻതോതിൽ സന്ദർശകരെത്തുന്നതിനെ തുടർന്നാണ് ബുധനാഴ്ച വരെ നീട്ടിയതെന്ന് ആർ.ഡി.ഒ. മുഹമ്മദ് ഹുദറുത്തുള്ള അറിയിച്ചു. കോത്തഗിരിയിൽ വിവിധ പഴങ്ങളുടെയും കാർഷികോൽപ്പന്നങ്ങളുടെയും പ്രദർശനം ശനിയാഴ്ച സമാപിച്ചിരുന്നു. ഗൂഡല്ലൂരിൽ 12നാണ് സുഗന്ധദ്രവ്യ പ്രദർശന വിപണന മേള ആരംഭിച്ചത്. ഹോട്ടികൾച്ചർ, ടൂറിസം, റവന്യൂ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക സുഗന്ധവ്യഞ്ജന പ്രദർശനത്തിന്റെ പത്താം പതിപ്പാണിത്.
നീലഗിരി സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായി വെള്ളിയാഴ്ച ഗൂഡല്ലൂരിൽ ആരംഭിച്ച ത്രിദിന സുഗന്ധവ്യഞ്ജന മേള കണ്ണഞ്ചിപ്പിക്കുന്ന പ്രദർശനങ്ങളാൽ സമ്പന്നമാണ്. ഇത്തവണ ഓസ്കർ പുരസ്കാരം ലഭിച്ച ഇന്ത്യൻ ഡോക്യുമെന്ററി ചിത്രമായ ‘ദ എലിഫന്റ് വിസ്പറേഴ്സ്’ എന്ന ചിത്രത്തിലെ ആനക്കുട്ടികളായ രഘുവിന്റെയും ബൊമ്മിയുടെയും ‘സ്പൈസ് മോഡലുകൾ’ ആയിരുന്നു ഷോയുടെ പ്രധാന ആകർഷണം.
95 കിലോയോളം വരുന്ന ഏലം, കുരുമുളക്, ജീരകം, പരിപ്പ്, കടുക് തുടങ്ങി 14 ഇനം സുഗന്ധവ്യഞ്ജനങ്ങളുപയോഗിച്ചാണ് രണ്ട് ആനക്കുട്ടികളുടെ രൂപങ്ങൾ നിർമിച്ചത്. ഏകദേശം 25 ദിവസമെടുത്താണ് ഇതു നിർമിച്ചത്. ആനക്കുട്ടികളുടെ രൂപങ്ങൾക്കൊപ്പം ഇവയെ പോറ്റുന്ന ബൊമ്മൻ-ബെല്ലി ദമ്പതിമാരുടെ പൂർണകായ ഛായാചിത്രവും ഓസ്കർ പുരസ്കാര മാതൃകയും സ്ഥാപിച്ചിട്ടുണ്ട്.
ഊട്ടിയിലെ പുഷ്പപ്രദർശനമേള 19 മുതൽ 23 വരെ ഊട്ടി ബോട്ടോനിക്കൽ ഗാർഡനിൽ നടക്കും. മഴയൊഴിഞ്ഞ് കാലാവസ്ഥ തെളിഞ്ഞതോടെ പുഷ്പനഗരമായ ഊട്ടിയിൽ സഞ്ചാരികളുടെ പ്രവാഹം തുടരുകയാണ്. വാരാന്ത്യമായിരുന്ന കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഊട്ടിയിലെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികളാണ്. കഴിഞ്ഞയാഴ്ചയുണ്ടായ ഗതാഗതനിയന്ത്രണത്തിലെ പാളിച്ചകൾ പോലീസ് പരിഹരിച്ചതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല. പനിനീർപ്പൂമേള കാണാനാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്. മേള ഇന്ന് സമാപിക്കും.