ശ്രീനഗര്‍. വേനലവധി ആഘോഷിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും വലിയ തിരക്കാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കശ്മീരിലും ഒട്ടേറെ പേരെത്തുന്നുണ്ട്. ഇവിടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം മഞ്ഞ് പുതച്ച് സഞ്ചാരികളുടെ മനം കവരുകയാണ്. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സോനാമാർഗ്, പെഹൽഗാം, കൊക്കർനാഗ്, ഗുൽമർഗ് എന്നിവിടങ്ങൾ ഇപ്പോൾ നല്ല മഞ്ഞുണ്ട്. വിനോദ സഞ്ചാരികൾക്കും വെള്ള പുതച്ച ഈ കാലാവസ്ഥ മികച്ച അനുഭൂതിയാണ് സമ്മാനിക്കുന്നത്. മഞ്ഞിൽക്കുളിച്ച കുന്നും താഴ്‌വരയുമെല്ലാം പറഞ്ഞറിയിക്കാവാത്ത അനുഭൂതി നൽകുന്ന കാഴ്ചകളാണെന്ന് വിദേശത്തു നിന്നെത്തിയ വിനോദ സഞ്ചാരികളും പറയുന്നു.
വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അധികൃതരും നടപ്പാക്കുന്നുണ്ട്. റോഡിലെ മഞ്ഞു നീക്കുന്നതുൾപ്പെടെയുള്ള ജോലികളും തുടരുന്നു. പൊതുവേ മനോഹരമായ കശ്മീരിന് മഞ്ഞുവീഴ്ച കൂടുതൽ ആകർഷണീയത നൽകുന്നു. വരും മാസങ്ങളിൽ കാശ്മീരിലേക്ക് നിരവധി സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.
നിലവിൽ കാശ്മീർ സന്ദർശനത്തിന് അനുയോജ്യമായ സമയമാണിത്. രണ്ടു ദിവസം മുമ്പ് നല്ല മഴ പെയ്തിരുന്നുവെന്നും ട്രാവൽ ഗൈഡ് റാഷിദ് കോട്ടക്കൽ ട്രിപ് അപ്‌ഡേറ്റ്‌സിനോടു പറഞ്ഞു. കശ്മീരിലെ ഹോട്ടലുകളിലെല്ലാം ബുക്കിങ് ഫുൾ ആയിരിക്കും. കുടുംബവുമൊത്ത് യാത്രക്കൊരുങ്ങുന്ന സഞ്ചാരികൾ പാക്കേജ് എടുത്ത് പോകാൻ ശ്രമിക്കുന്നതാണ് നല്ലത്. ബാച്ചിലേഴ്‌സാണെങ്കിൽ പ്രശ്‌നമില്ല. അവർക്ക് എവിടെയെങ്കിലും താമസിക്കാം. സ്‌പെക്ടർ നാട്ടിൽ നിന്ന് തന്നെ വാങ്ങാൻ ശ്രമിക്കണമെന്നും കാശ്മീരിൽ തിരക്കായതു കൊണ്ടു തന്നെ വലിയ വില നൽകേണ്ടി വരുമെന്നും റാഷിദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കശ്മീരിലെ ട്യൂലിപ് പുഷ്‌പോത്സവം അവസാനിച്ചത്. ഒരു മാസത്തിനിടെ ട്യൂലിപ് ഗാർഡൻ സന്ദർശിച്ചത് 3.75 ലക്ഷം വിനോദ സഞ്ചാരികളായിരുന്നു. ഇവരിൽ മൂന്ന് ലക്ഷത്തിലേറെ പേരും വിദേശികൾ ഉൾപ്പെടെ കശ്മീരിന് പുറത്തു നിന്നുള്ളവരായിരുന്നു. ഇത് സർവകാല റെക്കോർഡ് കൂടിയാണ്.