വിദേശ രാജ്യങ്ങളിലേക്ക് വിനോദ യാത്ര പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ലോക രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയുള്ള ഒരു യാത്രയെ കുറിച്ച് ആലോചന തുടങ്ങിയാല്‍ ഏറെ പേരും ആദ്യം ചിന്തിക്കുക വീസ, ടിക്കറ്റ്, ആ രാജ്യങ്ങളിലെ നിയമങ്ങള്‍ തുടങ്ങി പലവിധ നൂലാമാലകളെ കുറിച്ചാകും. എന്നാല്‍ യാത്ര ഒരു പാഷനായി എടുത്തവര്‍ക്ക് ഒന്നും തടസ്സങ്ങളല്ല. തെക്കുകിഴക്കന്‍ ലണ്ടനിലെ ഗ്രീന്‍വിചില്‍ കഴിയുന്ന ഇന്ത്യന്‍ ദമ്പതികളായ ദീപകിനും അവിലാശയ്ക്കും യാത്രകൾ വലിയ ഹരമാണ്. അതവരുടെ കുടുംബ ജീവിതത്തെയോ ജോലിയേയോ ഒരു തരത്തിലും ബാധിച്ചില്ല. ഇവരുടെ യാത്രയില്‍ ഒരു പുതുമയും ഇല്ലെങ്കിലും മകള്‍ അതിഥി ത്രിപാഠി ഇപ്പോള്‍ യാത്രാ പ്രേമികളുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ്. 10 വയസ്സ് മാത്രം പ്രായമുള്ള അതിഥി ഇതിനകം 50 രാജ്യങ്ങളാണ് ചുറ്റിക്കറങ്ങിക്കണ്ടത്. അതും ഈ പ്രായത്തില്‍. നഴ്‌സറിയോ സ്‌കൂളോ ഒന്നും മുടക്കാതെയാണ് ഈ യാത്രകളെല്ലാം എന്നറിഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും. ഇവരുടെ കഥ ലണ്ടനിലെ ദി മിറര്‍ പത്രമാണ് പ്രസിദ്ധീകരിച്ചത്.
ആദ്യ യാത്ര പുറപ്പെടുമ്പോള്‍ മൂന്നു വയസ്സായിരുന്നു അതിഥിയുടെ പ്രായം. അന്ന് നഴ്‌സറിയിലായിരുന്നു. ആഴ്ചയില്‍ രണ്ടര ദിവസം നഴ്‌സറിയില്‍ പോകും. ബാക്കി ദിവസങ്ങളിലായിരിക്കും അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര. പിന്നീട് സ്‌കൂളിലെത്തിയപ്പോള്‍ യാത്ര വെള്ളി മുതല്‍ ഞായര്‍ വരെയാക്കി. തിരിച്ചെത്തുന്നത് തിങ്കളാഴ്ച രാവിലെ ആണെങ്കില്‍ പലപ്പോഴും എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ സ്‌കൂളിലേക്കായിരിക്കും പോകുക. യുറോപ്പിലേയും ഏഷ്യയിലേയും ഏതാണ്ടെല്ലാ രാജ്യങ്ങളും കണ്ടു കഴിഞ്ഞു. ആദ്യ യാത്ര ജര്‍മനിയിലേക്കായിരുന്നു. പിന്നീട് ഓസ്ട്രിയ. ആ മാസത്തില്‍ തന്നെ അതിഥി ഇറ്റലിയും സന്ദര്‍ശിച്ചു. ഈ ഇളം പ്രായത്തില്‍ തന്നെ ലോക സഞ്ചാരത്തിലൂടെ വൈവിധ്യമാര്‍ന്ന നാടുകളേയും സംസ്‌കാരങ്ങളേയും അടുത്തറിയാന്‍ അവള്‍ക്കു കഴിഞ്ഞു.
അതിഥിയുടെ ഈ യാത്രകള്‍ക്കു പിന്നില്‍ മാതാപിതാക്കളുടെ കൃത്യമായ പ്ലാനിംഗുകള്‍ ഉണ്ടായിരുന്നു. യാത്രയെ വളരെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് 43കാരനായ ദീപകും 36കാരിയായ അവിലാശയും. ഇതിനായി അവര്‍ വെറുതെയുള്ള കറക്കങ്ങളും പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കലുമെല്ലാം മാറ്റിവച്ചാണ് പണം സ്വരൂപിച്ചത്. സ്വന്തമായി കാറു പോലും ഇവര്‍ വാങ്ങിയിട്ടില്ല. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് യാത്ര. ഭക്ഷണം പൂര്‍ണമായും വീട്ടില്‍ തന്നെ. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇരുവരും വീട്ടിലിരുന്ന് തന്നെ ജോലിയും ചെയ്യുന്നു. ഇതുവഴി അതിഥിയുടെ രണ്ടുള്ള വയസ്സുള്ള കുഞ്ഞനുജത്തിയുടെ ചൈല്‍ഡ്‌കെയര്‍ ചെലവുകളും ലാഭിക്കുന്നു. കോവിഡിന് മുമ്പ് ഒരു വര്‍ഷം 12 രാജ്യങ്ങള്‍ വരെ സന്ദര്‍ശിച്ചിട്ടുണ്ട്.
ഒരു വര്‍ഷം 21 ലക്ഷം രൂപയോളമാണ് യാത്രകള്‍ക്കായി ഈ കുടുംബം ചെലവിടുന്നത്. ജോലിക്കും അതിഥിയുടെ വിദ്യാഭ്യാസത്തിനും മുടക്കം വരാതിരിക്കാന്‍ യാത്രകളെല്ലാം അവധി ദിവസങ്ങളിലാണിവര്‍ പ്ലാന്‍ ചെയ്യാറുള്ളത്. അതിഥിക്ക് ഓരോ രാജ്യത്തേയും സംസ്‌കാരവും ഭക്ഷണ രീതിയും ജനങ്ങളേയും പഠിക്കാന്‍ കഴിയുന്നുവെന്നതിനാല്‍ ചെലവിടുന്ന പണം മുതല്‍കൂട്ടാണെന്ന്് അക്കൗണ്ടന്റുമാരായ ദീപക്-അവിലാശ ദമ്പതികള്‍ പറയുന്നു. ഈ യാത്രകള്‍ കൂടുതല്‍ സുഹൃത്തുക്കളേ നേടാനും കൂടുതല്‍ ആത്മവിശ്വാസം ആര്‍ജ്ജിക്കാനും ്അതിഥിയെ സഹായിച്ചിട്ടുണ്ടെന്ന് ദീപക് പറയുന്നു.