ഗൂഡല്ലൂർ. പതിവായി കാട്ടാനക്കൂട്ടം ഇറങ്ങുന്നതിനെ തുടര്‍ന്ന് ഊട്ടി-കല്ലട്ടി-മസിനഗുഡി റോഡിൽ യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ്. തലകുന്തയിൽ നിന്ന് മസിനഗുഡിയിലേക്ക് പോകുന്ന ചുരം റോഡിലൂടെ പോകുന്നവർക്കാണ് വനംവകുപ്പിന്റെ നിർദേശം. ഞായറാഴ്ച വൈകീട്ട് കാട്ടാന റോഡരികിലെ വനത്തിൽ നാല് മണിക്കൂറോളം തമ്പടിച്ചത് ഭീതിപരത്തിയിരുന്നു.
ചുരം റോഡിൽ അന്തര്‍ സംസ്ഥാന യാത്രക്കാർക്ക് അവരുടെ വാഹനങ്ങൾ ഉപയോഗിക്കാൻ ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. എന്നാൽ, നീലഗിരി രജിസ്ട്രേഷനുള്ള വാഹനങ്ങൾ ഉപയോഗിച്ച് പോകുന്നത് പതിവായതോടെയാണ് ഈ ജാഗ്രതാനിർദേശം.
കേരളത്തിൽ നിന്നുള്ള ഒട്ടേറെ യാത്രക്കാരുൾപ്പെടെ ഇതുവഴി പോകുന്നത് സ്ഥിരമാണ്. റോഡിൽ പരിചയമില്ലാത്ത ഡ്രൈവർമാർ അപകടത്തിൽപെടുന്നത് പതിവായതോടെ ഇതുവഴിയുള്ള യാത്ര മുമ്പ് ജില്ലാഭരണകൂടം നിരോധിച്ചിരുന്നു. അതിൽ ചില ഇളവുകൾ അടുത്തകാലത്ത് അനുവദിച്ചതോടെയാണ് യാത്രക്കാർ വീണ്ടു വര്‍ധിച്ചത്.
ഊട്ടിയിൽനിന്ന് ഗൂഡല്ലൂർവഴി മുതുമല-ബന്ദിപ്പൂർ വനഭാഗത്തൂടെ കടന്നുപോകുന്ന മൈസൂരു അന്തര്‍ സംസ്ഥാനപാതയിലും പതിവായി കാട്ടാനക്കൂട്ടമിറങ്ങുന്നുണ്ട്. മസിനഗുഡി-തെപ്പേക്കാട് ഭാഗങ്ങളിലാണ് കാട്ടാനകൾ കൂട്ടമായെത്തുന്നത്. മസിനഗുഡി-തെപ്പേക്കാട് റോഡ്, മായാർ റോഡ് എന്നിവിടങ്ങളിലും കാട്ടാനകളെത്തുന്നുണ്ട്.
കാട്ടാനകൾ കുഞ്ഞുങ്ങളുമായി മസിനഗുഡി-തെപ്പേക്കാട് ഹൈവേയിൽ ബുധനാഴ്ച പകൽ നിലയുറപ്പിച്ചിരുന്നു. മൂന്ന് മണിക്കൂറുകൾക്കുശേഷം ഇവ തനിയെ ഉൾക്കാട്ടിലേക്കുപോയതോടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടാനായത്.
യാത്രക്കാരും വിനോദസഞ്ചാരികളും മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വാഹനത്തിന് പുറത്തിറങ്ങിയോ അല്ലാതെയോ വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നത് അപകടകരമാണെന്ന് വനംവകുപ്പ് മുന്നറിയിപ്പുനൽകിയിട്ടുമുണ്ട്. ഈ റോഡുകളിൽ അലക്ഷ്യമായി വാഹനമോടിക്കരുതെന്നും വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
One thought on “ഊട്ടി-മസിനഗുഡി റോഡിൽ കാട്ടാനക്കൂട്ടം പതിവ്; ജാഗ്രതാ നിര്‍ദേശവുമായി വനം വകുപ്പ്”