ഊട്ടി-ഗൂഡല്ലൂർ റൂട്ടിൽ ഗതാഗതം പുന:സ്ഥാപിച്ചു

ooty epass trip updates

ഗൂഡല്ലൂർ. കനത്ത മഴയെ തുടർന്ന് പാലം തകർന്ന മേലേ ഗൂഡല്ലൂർ വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. സെന്റ് മേരീസ് ചർച്ചിന് സമീപത്തെ വളവിലെ പാലം ഇടിഞ്ഞ ഭാഗത്ത് താൽക്കാലിക പാത ഒരുക്കിയാണ് ഊട്ടി (Ooty) ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങളെ കടത്തി വിടുന്നത്. ഇവിടെ 14 മണിക്കൂർ ഗതാഗതം മുടങ്ങിയത് നിരവധി സഞ്ചാരികളെ വലച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ചെറു വാഹനങ്ങളേയും 10.45ഓടെ ബസ്, ലോറി തുടങ്ങിയ വാഹനങ്ങളേയും കടത്തിവിട്ടു തുടങ്ങി.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പഴയ പാലം ഒരു ഭാഗം തകർന്നത്. പണി പുരോഗമിക്കുന്ന പുതിയപാലത്തിനു സമീപമാണിത്. പാലം തകർന്നതിനെത്തുടർന്ന് യാത്രക്കാരെ മസിനഗുഡി വഴിയാണ് ഊട്ടിയിലേക്ക് തിരിച്ചുവിട്ടത്. ഗൂഡല്ലൂരിൽനിന്ന്‌ 75 കിലോമീറ്ററാണ് മസിനഗുഡി വഴി ഊട്ടിയിലേക്കുളള ദൂരം. മൈസൂരു വനത്തിലൂടെ കടന്നുപോകുന്നതിനാൽ രാത്രി ഒൻപതിന് ശേഷം ഇതുവഴിയുള്ള ഗതാഗതത്തിനു വിലക്കുമുണ്ട്. കല്ലട്ടി ചുരം വഴി മൈസൂരു ഗൂഡല്ലൂർ ഭാഗത്തേക്ക് ചെറുവാഹനങ്ങളെ പോക്കുവരവിന് അനുവദിച്ചതോടെയാണ് ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ ഗതാഗതകുരുക്കിന് ആശ്വാസമായത്.

പാലത്തിന് സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ലൈനുകളും വൈദ്യുതി വകുപ്പ് ജീവനക്കാർ വേഗത്തിൽ മാറ്റി സ്ഥാപിച്ചത് താൽക്കാലിക പാത ഒരുക്കൽ എളുപ്പമാക്കി.

Legal permission needed