ഊട്ടിയിലും കൊടൈക്കനാലിലും 3 മാസത്തേക്കു കൂടി വാഹനങ്ങൾക്ക് ePass നിർബന്ധം

tn epass ooty tripupdates

ചെന്നൈ. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വരുന്ന വാഹനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിര്‍ബന്ധ ഇ-പാസ് (ePass) സെപ്തംബര്‍ 30 വരെ നീട്ടി. പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയില്‍ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകും വിധം വാഹന ഗതാഗതം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഏപ്രിലിലാണ് വാഹനങ്ങള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി കോടതി ഉത്തരവിട്ടത്. ഈ മേഖലയിലെ റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം നിശ്ചയിക്കാന്‍ ബാംഗ്ലൂര്‍ ഐഐഎമ്മിലേും മദ്രാസ് ഐഐടിയിലേയും വിദഗ്ധരടങ്ങുന്ന സംഘത്തെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഇവരുടെ പഠനം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇ-പാസ് സംവിധാനം മൂന്ന് മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

അതേസമയം പാസ് അനുവദിക്കുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തരുതെന്നും പ്രദേശ വാസികളെ ഇ-പാസ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഒരു ദിവസം 20,000ഓളം വാഹനങ്ങളാണ് നീലഗിരി ജില്ലയില്‍ പ്രവേശിക്കുന്നത്. സീസണ്‍ അല്ലാത്ത സമയങ്ങളില്‍ 1,150 കാറുകളും, 118 വാനുകളും, 60 ബസുകളും, 647 ഇരുചക്ര വാഹനങ്ങളുമാണ് ഒരു ദിവസം നീലഗിരിയില്‍ പ്രവേശിക്കുന്നത്. സീസണില്‍ 11,509 കാറുകളും, 1,341 വാനുകളും, 637 ബസുകളും, 6,524 ഇരുചക്രവാഹനങ്ങളുമെത്തുന്നതായും റിപോര്‍ട്ട് പറയുന്നു. പൊതുമരാമത്ത്, ടൂറിസം, ഹോട്ടികള്‍ചര്‍, വനം എന്നീ വകുപ്പുകളുടെ കീഴിലുള്ള ഗസ്റ്റ് ഹൗസുകളും റിസോര്‍ട്ടുകളും ഉള്‍പ്പെടെ നീലഗിരിയില്‍ 20,000 ടൂറിസ്റ്റുകള്‍ക്കുള്ള താമസ സൗകര്യമുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Legal permission needed