ചാലക്കുടി. പ്രധാന അന്തര്‍സംസ്ഥാന ടൂറിസം പാതയായ വാഴച്ചാല്‍-മലക്കപ്പാറ റൂട്ടില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിച്ചതോടെ ഗതാഗത നിയന്ത്രണങ്ങള്‍ നീക്കി. വെള്ളിയാഴ്ച മുതല്‍ എല്ലാ വാഹനങ്ങളേയും കടത്തിവിട്ടു തുടങ്ങി. ഒരു മാസം മുമ്പ് പെയ്ത കനത്ത മഴയിലാണ് അമ്പലപ്പാറയില്‍ റോഡിന്റെ വശം ഇടിഞ്ഞ് ഗതാഗതം മുടങ്ങിയത്. അപകടാവസ്ഥ കണക്കിലെടുത്ത് നവംബര്‍ ആറു മുതലാണ് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 21ന് പണി പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും നിര്‍മ്മാണം നീണ്ടു.
ഇതോടൊപ്പം അമ്പലപ്പാറ മുതല്‍ ഏഴു കിലോമീറ്റര്‍ ദൂരം ടാറിങ് നടത്തി നവീകരിക്കുകയും ചെയ്തത് സഞ്ചാരികള്‍ക്ക് ഗുണമായി. ബാക്കി 11 കിലോമീറ്റര്‍ ദൂരം റീടാറിങ് സഞ്ചാരികളുടെ യാത്രയ്ക്ക് തടസ്സമില്ലാതെ തന്നെ ഉടന്‍ പൂര്‍ത്തിയാക്കാനാണു പദ്ധതി.
തിരക്കേറിയ ഈ അന്തര്‍സംസ്ഥാന പാതയില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് ടൂറിസം, വ്യാപര മേഖലകളെ ബാധിച്ചിരുന്നു. കൂടാതെ അഞ്ച് ആദിവാസി ഊരുകളും തോട്ടം തൊഴിലാളികളും ഒറ്റപ്പെട്ടിരുന്നു.