തിരുവനന്തപുരം. കേരളത്തില്‍ ആദ്യമെത്തിയ Vande Bharat എക്‌സ്പ്രസിന് (KGQ Vandebharat 20634) ചെങ്ങന്നൂരില്‍ പുതിയ സ്റ്റോപ്പ് അനുവദിച്ചു. ഇതോടെ പുതിയ സമയക്രമത്തില്‍ മാറ്റംവന്നു. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയത്തിലാണ് തിങ്കളാഴ്ച (ഒക്ടോബര്‍ 23) മുതല്‍ മാറ്റംവരിക. ചെങ്ങന്നൂരില്‍ രണ്ടു മിനിറ്റ് സ്‌റ്റോപ്പ് അനുവദിച്ചതിനു പുറമെ തൃശൂരില്‍ അധിക സമയം നിര്‍ത്തുകയും ചെയ്യും.
തിരുവനന്തപുരത്തു നിന്ന് അതിരാവിലെ 5.15ന് പുറപ്പെടും. 5.20 ആണ് നിലവിലെ സമയം. കൊല്ലത്ത് 6.03ന് എത്തുകയും 6.05ന് പുറപ്പെടുകയും ചെയ്യും. പുതിയ സ്റ്റോപ്പായ ചെങ്ങന്നൂരില്‍ 6.53ന് എത്തിച്ചേരും. 6.55ന് ഇവിടെ നിന്ന് പുറപ്പെടും. കോട്ടയം എറണാകുളം സ്റ്റേഷനുകളിലെ സമയത്തില്‍ മാറ്റമില്ല. തൃശൂരില്‍ നിലവിലെ സമയക്രമ പ്രകാരം 9.30ന് തന്നെ എത്തിച്ചേരും. ഇവിടെ സ്റ്റോപ്പ് ഒരു മിനിറ്റ് കൂടി വര്‍ധിപ്പിച്ചു. 9.33നാണ് തൃശൂരില്‍ നിന്ന് പുറപ്പെടുക. ഷൊര്‍ണൂര്‍ മുതല്‍ കാസര്‍കോട് വരെ സമയക്രമം പഴയപടി തന്നെ തുടരും.
തിരിച്ചുള്ള യാത്രയില്‍ (TVC Vandebharat 20633) കാസര്‍കോട് മുതല്‍ ഷൊര്‍ണൂര്‍ വരെ സമയത്തില്‍ മാറ്റമില്ല. തൃശൂരില്‍ വൈകീട്ട് 6.10ന് തന്നെ എത്തും. എന്നാല്‍ ഒരു മിനിറ്റ് കൂടി അധികം നിര്‍ത്തി 6.33ന് യാത്ര തുടരും. പുതിയ സ്റ്റോപ്പായ ചെങ്ങന്നൂരില്‍ രാത്രി 8.46ന് എത്തിച്ചേരും. 8.48ന് പുറപ്പെടും. നിലവിലുണ്ടായിരുന്ന സമയത്തില്‍ അഞ്ചു മിനിറ്റ് വൈകി രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും.