തുര്‍തുക്‌: രണ്ടു രാജ്യങ്ങളാല്‍ വിഭജിക്കപ്പെട്ട മനോഹര ഗ്രാമം

kashmir ladakh turtuk trip updates

✍🏻 നുജും മയ്യനാട്

ഇന്ത്യയുടെ ഏറ്റവും വടക്ക്, പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സമുദ്ര നിരപ്പില്‍ നിന്നും 9846 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് തുര്‍തുക്‌. ശക്തമായ സൈനിക നിയന്ത്രണത്തിലായിരുന്ന ഈ ഗ്രാമം 2010 വരെ പുറം ലോകത്തിനന്യമായിരുന്നു. പിന്നീടാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റുള്ള സന്ദര്‍ശകര്‍ക്കായി ഈ ഗ്രാമം തുറന്നു കൊടുത്തത്. ശീത മരുഭൂമിയിലെ വിസ്മയിപ്പിയ്ക്കുന്ന പച്ച നിറഞ്ഞ പാടങ്ങളും മനം കവരുന്ന ഭൂപ്രകൃതിയും വിവിധ തരത്തിലുള്ള അപ്രികോട്ട് മരങ്ങളും ആകര്‍ഷകമായ ബള്‍ട്ടി ജനതയും അവരുടെ സംസ്കാരവും ഇവിടെ ലഭിക്കുന്ന ഊഷ്മളമായ വരവേല്‍പ്പും വിനോദസഞ്ചാരികളെ മറ്റൊരു ലോകത്തേയ്ക്ക് നയിക്കുന്നു.

റോഡ്‌ മാര്‍ഗം ലഡാക്കിന്‍റെ തലസ്ഥാനമായ ലെയില്‍ എത്തിയ ഞങ്ങളുടെ അടുത്ത ലക്ഷ്യം നുബ്ര താഴ്വരയിലെ ദിസ്കിറ്റ് ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള സഞ്ചാരയോഗ്യമായ പാതകളില്‍ ഒന്നായ ഖർദൂങ് ല പാസ്സും കടന്നു വേണം ദിസ്കിറ്റില്‍ എത്തുവാന്‍. ഞങ്ങള്‍ ഖർദൂങ് ല പാസിന് മുകളില്‍ എത്തുമ്പോള്‍ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ഓക്സിജന്‍ നില വളരെ കുറവ്. നെഞ്ചിനകത്ത് ഒരു കല്ല്‌ എടുത്തു വച്ചത് പോലെയുള്ള ഭാരം. അവിടെ കൂടുതല്‍ സമയം നില്‍ക്കുന്നത് അകപടകരമാണെന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പട്ടാളക്കാരന്‍ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. മഞ്ഞു മൂടിയ പാതയിലൂടെ നിരങ്ങി കയറി നിരനിരയായി വരുന്ന സൈനിക ലോറികള്‍ക്ക് വഴി മാറി കൊടുത്തുകൊണ്ട് ഞങ്ങള്‍ ചുരം ഇറങ്ങി. ദിസ്കിറ്റ് വരെയുള്ള 115 കിലോമീറ്റര്‍ സഞ്ചരിക്കുവാന്‍ അഞ്ചു മണിക്കൂറിലധികം സമയമെടുത്തു.

ഇനിയുള്ള 90 കിലോ മീറ്റര്‍ യാത്ര മരണത്തിന്റെ ദൂതന്‍ എന്ന അര്‍ഥം വരുന്ന ‘ഷയോക്’ നദിക്കരയിലൂടെയാണ്. വടക്കൻ ലഡാക്കിലൂടെ ഒഴുകി പാകിസ്താനിലെ ഗിൽജിത്-ബൾട്ടിസ്ഥാനിൽ പ്രവേശിക്കുന്ന സിന്ധു നദിയുടെ പോഷക നദിയാണ് ഷയോക്. ദിസ്കിറ്റിലെ അവസാനത്തെ പെട്രോള്‍ പമ്പില്‍ നിന്നും ടാങ്ക് നിറച്ചു ഷയോക്കി നദിയ്ക്ക് സമാന്തരമായുള്ള പാതയിലൂടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി. വഴിയില്‍ പട്ടാള ചെക്ക്‌ പോസ്റ്റുകളില്‍ ഞങ്ങളുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തുകയും എല്ലാ സന്ദര്‍ശകരും ഇന്ത്യക്കാരാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുമുണ്ടായിരുന്നു. 35 കിലോ മീറ്റര്‍ പിന്നിടുമ്പോള്‍ തിയോസ് എന്ന ഗ്രാമത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു ചെറിയ എയര്‍ സ്ട്രിപ് കാണാം. മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറ മലകള്‍ക്കിടയിലൂടെ, സൈന്യം നിര്‍മ്മിച്ച ഗാംഭീര്യമുള്ള അനേകം ഇരുമ്പു തൂക്കു പാലങ്ങള്‍ പിന്നിട്ടായിരുന്നു യാത്ര.

ത്യാക്ഷി പിന്നിട്ടു ഞങ്ങള്‍ താംഗ് ഗ്രാമത്തില്‍ എത്തി. പാക് അധിനിവേശ കാശ്മീരിന്റെ ഭാഗമായിരുന്ന തുര്‍തുക്‌, താംഗ്, ത്യാക്ഷി, ചാലുംഗ എന്നീ നാല് ഗ്രാമങ്ങള്‍ 1971 ലെ ഇന്ത്യാ-പാക്‌ യുദ്ധത്തോടു കൂടിയാണ് ഇന്ത്യയുടെ ഭാഗമാകുന്നത്. ഗ്രാമവാസികള്‍ക്ക് മറക്കാനാകാത്ത ഒരു ദിവസമാണ് 1971 ഡിസംബര്‍ 16. കൊടും തണുപ്പില്‍ പാകിസ്താന്‍ ഗ്രാമങ്ങളില്‍ അന്തിയുറങ്ങിയവര്‍ ഉണര്‍ന്നത് ഇന്ത്യയിലാണ്. മറുഭാഗത്ത് പോയവര്‍ക്ക് ഒരിക്കലും മടങ്ങിവരാൻ കഴിഞ്ഞില്ല. സിംല കരാര്‍ മുഖേന ഇരു രാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണ രേഖ ഒരു ജനസമൂഹത്തെ രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തിക്ക് അപ്പുറത്തും ഇപ്പുറത്തുമാക്കി. ഭാര്യയും ഭര്‍ത്താവും, കുട്ടികളും മാതാപിതാക്കളും, സഹോദരീ – സഹോദര തുടങ്ങി അനേകം രക്ത ബന്ധു-മിത്രങ്ങള്‍ അതിര്‍ത്തിക്ക് ഇരുവശങ്ങളിലായി. 1834 ല്‍ കാശ്മീരിന്റെ ഭാഗമാകുന്നതിന് മുന്‍പ് ടിബറ്റിലെ ഒരു ചെറിയ സ്വയംഭരണ രാജ്യമായിരുന്നു ഈ പ്രദേശം. പിന്നീട് ബ്രിട്ടീഷ് നിയന്ത്രണത്തിലാവുകയും ഇന്ത്യ-പാക് വിഭജനത്തിലൂടെ പാകിസ്ഥാന്‍റെ ഭാഗമാവുകയും ചെയ്തു.

ലഡാക്കിന്‍റെ മറ്റു ഭാഗങ്ങളില്‍ ഭൂരിഭാഗം ബുദ്ധമത വിശ്വാസികളാണെങ്കിൽ, തുർതുക് ഒരു ബൾട്ടി ഗ്രാമമാണ്. പാകിസ്ഥാനിലെ സ്കാർഡു മേഖലയിൽ വസിക്കുന്ന ടിബറ്റൻ വംശീയരാണ് ബൾട്ടികൾ. ലിപിയില്ലാത്ത ബാൾട്ടി ഭാഷ സംസാരിക്കുന്ന, ഷൽവാർ കമീസ് ധരിക്കുന്ന ഗ്രാമവാസികൾ സൂഫി വിഭാഗമായ നൂർബക്ഷിയ മുസ്ലിംകളാണ്. അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പാക് നിയന്ത്രണത്തിലുള്ള ഗില്‍ജിത് ബാർൾട്ടിസ്ഥാൻ മേഖലയിലെ ജനങ്ങളുടെ ആചാര, ആഹാര സംസ്കാരങ്ങലാണിവരുടേയും.

ബൈനോക്കുലറിലൂടെ അതിര്‍ത്തിക്കപ്പുറത്ത് പാടത്ത് പണിയെടുക്കുന്ന തന്‍റെ ഉറ്റവരെ നോക്കി വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടിയ എഴുപതു കഴിഞ്ഞ ഒരു സാധു മനുഷ്യനെ ഞങ്ങള്‍ താംഗ് ഗ്രാമത്തില്‍ കണ്ടു മുട്ടുകയുണ്ടായി. അദ്ദേഹത്തിന് 19 വയസ്സായിരുന്നു ഈ ഗ്രാമം വിഭജിക്കപ്പെട്ടപ്പോള്‍. താംഗില്‍ നിന്നും നഗ്ന നേത്രങ്ങള്‍ കൊണ്ട് പാക് ഗ്രാമയായ ഫര്‍നു കാണുവാന്‍ സാധിക്കും. ബൈനോക്കുലറിലൂടെ നോക്കിയാല്‍ അവിടത്തെ ഗ്രാമവാസികളെയും. ലാന്‍ഡ് മൈനുകള്‍ വിതറിയ രണ്ടു ഗ്രാമങ്ങള്‍ക്കിടയിലുള്ള പ്രദേശം രണ്ടു രാജ്യങ്ങളുടെയും സൈന്യത്തിനെ നിരീക്ഷങ്ങണത്തിന്‍ കീഴിലാണ് എപ്പോഴും.

പാക് അധിനിവേശ കാശ്മീരില്‍ നിന്നും ഇന്ത്യ തിരിച്ചു പിടിച്ച, സമുദ്ര നിരപ്പില്‍ നിന്നും 18000 അടി മുതല്‍ 23000 അടി വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഏകദേശം 800 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം യുദ്ധതന്ത്ര പ്രധാനമുള്ളതാണ്. പോയിന്റ്‌ 18402 സൈനിക പോസ്റ്റ്‌ ഇന്ത്യ പിടിച്ചെടുത്ത ഏറ്റവും ഉയരം കൂടിയ സൈനിക പോസ്റ്റ്‌ ആണ്. ഇവിടെ നിന്നും നോക്കിയാല്‍ ഷലോക്ക് നദീ തീരത്തെ ഗ്രാമങ്ങള്‍ മാത്രമല്ല, പ്രതാപ് പൂരിലെ ഇന്ത്യയുടെ സൈനിക കേന്ദ്രവും തിയോസ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍ ഫീല്‍ഡും ദൃശ്യമാണ്.

പതഞ്ഞൊഴുകുന്ന ഒരു ചെറു നദിയുടെ കുറുകെ തടി കൊണ്ട് നിര്‍മ്മിച്ച തൂക്കു പാലത്തിലൂടെ വേണം തുര്‍തുക്‌ ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കുവാന്‍. ഇടുങ്ങിയ പാതക്കിരുവശവുമുള്ള ഉരുളൻ കല്ലുകൾക്ക് മുകളിൽ നിര്‍മ്മിച്ച ശിലാഭവനങ്ങളും വിളകൾ നനയ്ക്കാൻ പാറക്കല്ലുകള്‍ക്കിടയില്‍ നിര്‍മ്മിച്ച ജലസേചന നാളകളും മഞ്ഞുരുകിയ വെള്ളം ഒലിച്ചു പോകുന്ന കള കള ശബ്ദവും തണുത്ത വെള്ളത്തില്‍ തട്ടി വരുന്ന ശാന്തമായ കാറ്റും ഞങ്ങളെ ഗ്രാമത്തിലേയ്ക്ക് സ്വാഗതം ചെയ്തു.

വളര്‍ന്നു പടര്‍ന്നു കിടക്കുന്ന പച്ചക്കറി പാടങ്ങള്‍. ഗോതമ്പും ബാര്‍ലിയും ഉരുളം കിഴങ്ങും സമൃദ്ധമായി വളരുന്ന തോട്ടങ്ങള്‍. പത്തോളം വിവിധയിനം ആപ്രികോട്ടുകളും ഇവിടെ കൃഷിചെയ്യുന്നു. ഗുണ നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആപ്രികോട്ട് ഇവരുടെ പ്രധാന നാണ്യവിളയാണ്. ജാമുകളായും ജ്യൂസുകളായും ഉപയോഗിക്കുന്നതിനു പുറമേ കഠിനമേറിയ മഞ്ഞു മസ്സങ്ങളിലെ ഉപയോഗത്തിനു വേണ്ടി അപ്രികോട്ടു പഴങ്ങള്‍ ഉണക്കി സൂക്ഷിക്കുകയും ചെയ്യുന്നു. ഈ മരങ്ങളുടെ തടി വിറകായും ഉപയോഗിക്കുന്നു. വഴിവിൽപ്പനക്കാരന്‍ നല്‍കിയ അപ്രികോട്ട് ലയിപ്പിച്ചെടുത്ത വെള്ളം രണ്ടു ഗ്ലാസ്‌ കുടിച്ചതോട് കൂടി അതുവരെ ഉണ്ടായിരുന്ന ക്ഷീണം ഇല്ലാതായി.

വേനൽക്കാലം ചൂടേറിയതാണ്. താപനില ഇരുപതു ഡിഗ്രിയ്ക്ക് മുകളില്‍ എത്തുന്നു. ഡി.ജി. സെറ്റ് പ്രവര്‍ത്തിപ്പിച്ചു കുറച്ചു സമയത്തേയ്ക്ക് മാത്രം ലഭ്യമാക്കുന്ന വൈദ്യതിയെ ഇവര്‍ കൂടുതല്‍ ആശ്രയിക്കാറില്ല. ചൂട് കാലത്ത് ആഹാര സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിയ്ക്കുവാനായി നിര്‍മ്മിച്ച കല്ല്‌ സംഭരണികള്‍ ഞങ്ങള്‍ കാണുകയുണ്ടായി. സംഭരണികള്‍ക്ക് മുകളിലുള്ള തണുത്ത വെള്ളം ഒഴുകുന്ന നാളയില്‍ തട്ടി വരുന്ന വായു ഈ സംഭരണികളിലൂടെ കടന്നുപോകുവാന്‍ സാധ്യമാക്കും വിധം വിടവുകള്‍ നിര്‍മ്മിച്ചാണ് ഇതിനുള്ളില്‍ തണുപ്പ് നിലനിര്‍ത്തുന്നത്. ചൂട് കൂടിയ മാസങ്ങളില്‍ മാംസം, വെണ്ണ, മറ്റ് നശിക്കുന്ന വസ്തുക്കൾ എന്നിവ സൂക്ഷിച്ചു വയ്ക്കുന്നതിനു ഇത്തരം പ്രകൃതിദത്ത സംഭരണ ​​സംവിധാനങ്ങൾ പ്രയോജനകരമാണ്.

ഗ്രാമത്തിന്റെ അങ്ങേയറ്റത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധ വിഹാരവും (ഗോമ്പ), 400 വർഷം പഴക്കമുള്ള ബാൾട്ടി പുരാവസ്തുക്കളുടെ ശേഖരമുള്ള ഹെറിറ്റേജ് ഹോമും പുരാതന ബ്രോക്പ കോട്ടയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഇവിടത്തെ മ്യൂസിയത്തിൽ, ബാൾട്ടി രാജവംശത്തിന്റെയും ബാൾട്ടി ജനതയുടെയും ചരിത്രവും ഈ പ്രദേശം ഭരിച്ചിരുന്ന മുൻ ഭരണാധികാരികളുടെയും പുരാവസ്തുക്കളെയും വിശദമായ വിവരണം ലഭിക്കും.

ഒരു നാളയ്കരികില്‍, പാടത്തിനഭിമുഖമായി മുള വേലിയില്‍ കൈകൊണ്ടെഴുതിയ ഒരു ബോര്‍ഡ്‌ ശ്രദ്ധയില്‍ പെട്ടു. കഫെ ബൈ വിമന്‍ സെല്‍ഫ് ഹെൽപ് ഗ്രൂപ്പ്‌. വേലിയ്ക്കുള്ളില്‍ ഒരു കൂട്ടം സ്ത്രീകള്‍ വട്ടത്തില്‍ കൂടിയിരുന്നു ആഹാരം പങ്കു വെച്ച് കഴിക്കുന്നു. ഞാന്‍ കൌതുകപൂര്‍വ്വം നോക്കി നിന്നു. കുറച്ചു ഫോട്ടോ എടുക്കണമെന്ന് ഉണ്ട് പക്ഷെ ഇവര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. സാറാ ബത്തൂൽ എന്ന യുവതി മുന്നോട്ട് വന്നു സ്വയം പരിചയപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ടാറ്റാ സ്റ്റീല്‍ ഫൌണ്ടേഷന്‍റെ ഫെല്ലോഷിപ്പ് കിട്ടിയ ഇവര്‍ ‘വംശീയ ബാൾട്ടി പാചകരീതിയുടെ പുനരുജ്ജീവനവും സംരക്ഷണവും’ എന്ന വിഷയത്തില്‍ റിസര്‍ച്ച് ചെയ്യുകയാണ്. ഇത്തരത്തിലൊരു ഫെല്ലോഷിപ്പ് ഒരു ലഡാക്ക് ട്രൈബല്‍ സ്ത്രീയ്ക്ക് കിട്ടുന്നത് ആദ്യമായാണ്‌. തന്റെ റിസര്‍ച്ചിന്റെ ഭാഗമായി ഗ്രാമീണ സ്ത്രീകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു സംഘടന ഉണ്ടാക്കുകയും അതിലൂടെ സ്ത്രീകളുടെ ഒരു സാമൂഹ്യ മുന്നേറ്റം ഇവര്‍ സ്വപ്നം കാണുന്നു. നാലായിരത്തോളം ജനങ്ങള്‍ ഉള്ള ഈ ഗ്രാമത്തിലെ സാക്ഷരത 85% നു മുകളിലാണ്. എന്താണിവര്‍ കൂടിയിരുന്നു പങ്കിട്ടു കഴിയ്ക്കുന്നത്? എന്റെ കൌതുകം നിറഞ്ഞ ചോദ്യത്തിനുള്ള മറുപടിയായി സാറ പറഞ്ഞു: ഇതെല്ലാം പരമ്പരാഗത ബാൾട്ടി വിഭവങ്ങളാണ്. വിഭിന്ന വിഭവങ്ങള്‍ പലരും ഉണ്ടാക്കികൊണ്ട് വന്നു. കിസിർ (ഒരു തരം റൊട്ടി) കൂടെ യാക്ക് മാംസം, റൊട്ടിയില്‍ പുരട്ടാന്‍ വീട്ടിലുണ്ടാക്കിയ ആപ്രിക്കോട്ട്, വാൽനട്ട് ജാമുകള്‍. നൂഡിൽസ് ഇട്ടതുപോലുള്ള ഒരു സൂപ്പായ ബലേ. ബള്‍ട്ടി സാംസ്കാരികത്തേയും അവരുടെ ആഹാരരീതികളേയും അതിന്റെ വേരുകളോട് വിശ്വസ്തതയോടെ ചേര്‍ത്ത് നിര്‍ത്തുന്നത്തിനുള്ള ഒരു ശ്രമം.

ഈ കൂട്ടായ്മയിലെ സ്ത്രീ കളുമായി ആശയങ്ങള്‍ പങ്കു വയ്ക്കുവാനും അവരുടെ സല്‍ക്കാരങ്ങള്‍ അനുഭവിച്ചറിയുവാനും അവസരമുണ്ടായി. അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്ന ടൂറിസത്തിന്‍റെ സാധ്യതകള്‍ ഇവര്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. പലരും വീടുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി ഹോം സ്റ്റേകള്‍ തുടങ്ങി കഴിഞ്ഞു. വളരെ പുരോഗമന പരമായി ചിന്തിയ്ക്കുന്ന സ്ത്രീകളാണിവര്‍. നമ്മുടെ നാട്ടിലെ കുടുംബശ്രീ മോഡലിനെ കുറിച്ച് അവരോടു സൂചിപ്പിയ്ക്കുകയുണ്ടായി. 1971നു ശേഷം ജനിച്ച വരാണിവരിലധികവും. അതിനാല്‍ തന്നെ വിഭജനത്തിന്റെ വേദന ഇവരില്‍ അശേഷം ഇല്ല. അനുയോജ്യമല്ലാത്ത കാലാവസ്ഥയോടും ഭൂപ്രകൃതിയോടും പടവെട്ടി ഈ സ്ത്രീ കൂട്ടായ്മയ ഉന്നം വയ്ക്കുന്ന സാമൂഹിക സാംസ്കാരിക മുന്നേറ്റം ഈ ഗ്രാമത്തിന്റെ തന്നെ മുഖചായ മാറ്റിയേക്കാമെന്നുള്ള പ്രത്യാക്ഷയിലാണ് സംഘടന അധ്യക്ഷ ബില്‍ക്യൂന്‍.

ഇന്ത്യയും പാകിസ്ഥാനും കാശ്മീരിന്റെ കാര്യത്തിൽ ഇപ്പോഴും തർക്കത്തിലാണെങ്കിലും, തുർതുക്കിൽ ജീവിതം സമാധാനപരമായി മുന്നോട്ട് പോകുന്നു. ഇന്ത്യയുടെ ഭാഗമായ ശേഷം മെച്ചപ്പെട്ട റോഡുകൾ, ആരോഗ്യ സേവനങ്ങൾ, ഗതാഗത സൗകര്യങ്ങള്‍ എന്നിവ ലഭ്യമായി തുടങ്ങി. ആപ്രിക്കോട്ട് തോട്ടങ്ങൾ, നൂർബക്ഷിയ മസ്ജിദുകൾ, കല്ല് വീടുകൾ, ജലസേചന ചാനലുകൾ… ഗ്രാമീണര്‍ അവരുടെ ചുറ്റുപാടുകളോട് ഇണങ്ങി ജീവിക്കാൻ പഠിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തതിന് ഉദാഹരണമാണ് തുര്‍തുക്‌ എന്ന ഗ്രാമം.

Legal permission needed