തൃശൂര്‍. വിനോദ സഞ്ചാരികളുടെ ഇഷ്ട കാനന പാതയായ അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ തിങ്കളാഴ്ച (നവംബര്‍ 6) മുതല്‍ 15 ദിവസത്തേക്ക് വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന റോഡിന്റെ അറ്റക്കുറ്റപ്പണിക്കായാണ് വാഹന വിലക്കേര്‍പ്പെടുത്തുന്നത്. അത്യാവശ്യങ്ങള്‍ക്കുള്ള ഇരുചക്ര വാഹനങ്ങളും ആംബുലന്‍സുകളും മാത്രമാണ് കടത്തി വിടുക.
അതിരപ്പിള്ളി ഭാഗത്ത് നിന്ന് വരുന്ന മറ്റെല്ലാ വാഹനങ്ങളും വാഴച്ചാല്‍ ചെക്ക്‌പോസ്റ്റിലും, തമിഴ്‌നാട് മലക്കപ്പാറ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളെല്ലാം മലക്കപ്പാറ ചെക്ക്‌പോസ്റ്റിലും തടയും. രണ്ടാഴ്ച മുമ്പ് പെയ്ത കനത്ത മഴയില്‍ അമ്പലപ്പാറയില്‍ റോഡിന്റെ വശം ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇതുകാരണം വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വിനോദ സഞ്ചാരികള്‍ ഏറെ ആശ്രയിക്കുന്ന ഈ പാതയുടെ സുരക്ഷ ഉറപ്പാക്കാന്‍ വാഹന വിലക്കേര്‍പ്പെടുത്തി പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.