മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു

മലപ്പുറം. താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ പരിധിയില്‍ വരുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എല്ലാ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകളും നിര്‍ത്തിവച്ചു. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ടൂറിസ്റ്റ് ബോട്ടുകള്‍ സര്‍വീസ് നടത്തരുതെന്നാണ് അറിയിപ്പ്.

ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസ്റ്റ് ബോട്ടിങ് കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടന്നു വരുന്നുണ്ട്. പൊലീസും കോസ്റ്റല്‍ പൊലീസും കൊച്ചിയില്‍ കഴിഞ്ഞ ദിവസം 32 ബോട്ടുകളില്‍ പരിശോധന നടത്തിയിരുന്നു. ബോട്ടുകളിലെ സുരക്ഷാ സജ്ജീകരണങ്ങള്‍, ജീവനക്കാരുടെ ലൈസന്‍സ്, യാത്രക്കാരുടെ എണ്ണം, ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ബോട്ടുകളുടെ യോഗവും പൊലീസ് വിളിച്ചു ചേര്‍ത്തു.

വിനോദ സഞ്ചാര ബോട്ടുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ബോട്ടുടമകള്‍ക്ക് പൊലീസ് നല്‍കിയിട്ടുണ്ട്. ബോട്ടുകളില്‍ എത്ര പേരെ കയറ്റാമെന്നതിന്റെ വിവരങ്ങള്‍ യാത്രക്കാര്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രേഖകളില്ലാതെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. രജിസ്‌ട്രേഷന്‍, സര്‍വെ, സ്റ്റബിലിറ്റി, ഇന്‍ഷൂറന്‍സ് എന്നീ രേഖകള്‍ ഉണ്ടായിരിക്കണം. ലൈസന്‍സുള്ള സ്രാങ്ക്, ഡ്രൈവര്‍, ലാസ്‌കര്‍ എന്നിവരെ മാത്രമെ ജോലിക്കു നിയമിക്കാവൂ. ലൈഫ് ബോയ, ലൈഫ് ജാക്കറ്റ് തുടങ്ങിയ രക്ഷാ ഉപകരണങ്ങളും ബോട്ടില്‍ ഉണ്ടായിരിക്കണം. ഇവ ഗുണനിലവാരമുള്ളതും പ്രവര്‍ത്തന ക്ഷമമാണെന്നും തെളിയിക്കുന്ന ലൈഫ് സേവിങ് അപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റും അഗ്നിരക്ഷാ സര്‍ട്ടിഫിക്കറ്റും ബോട്ടുകളില്‍ ഉണ്ടായിരിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു.

Legal permission needed