കുമളി. ഇടുക്കി ജില്ലയിലെ പ്രധാന സംസ്ഥാന അതിര്‍ത്തി പ്രദേശമായ കുമളിയില്‍ തമിഴ്നാട് ബസ് സ്റ്റേഷന് നിര്‍മിക്കുന്നു. രണ്ടു നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തില്‍ ബസ് കാത്തിരിപ്പു കേന്ദ്രം, വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള മുറികള്‍ എന്നിവയ്ക്കൊപ്പം താമസ സൗകര്യമുള്ള 11 മുറികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണു പദ്ധതി. അഞ്ചു കോടി ചെലവിലാണ് നിര്‍മാണം. ശിലാസ്ഥാപനം നടന്നു.
തിരക്കുള്ള അതിര്‍ത്തി പ്രദേശമായ കുമളിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത് ജനങ്ങളെ വലക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്ന് വരുന്ന ബസുകള്‍ ദേശീയപാതയോരത്ത് ഇരുവശങ്ങളിലും നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്. ഇത് റോഡില്‍ ഗതാഗത തടസ്സത്തിനും കാരണമാകുന്നു. ഈ സൗകര്യക്കുറവ് പരിഗണിച്ചാണ് കുമളിയിലെ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (Tamil Nadu State Transport Corporation) വര്‍ക്ക്ഷോപ്പ് ബസ് സ്റ്റേഷനാക്കി മാറ്റുന്നത്.