ശ്രീനഗർ. രാജ്യത്ത് മിക്കയിടങ്ങളും കൊടും ചൂടിൽ വെന്തുരുകുമ്പോൾ ആശ്വാസം തേടി കശ്മീർ താഴ്‌വരയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഉത്തരേന്ത്യയിൽ പലയിടത്തും ഉഷ്ണതരംഗ ഭീഷണിയുണ്ട്. വിന്റർ സീസൺ അവസാനിച്ചെങ്കിലും കശ്മീർ താഴ്‌വരയിലിപ്പോൾ താപനില 20 ഡിഗ്രിക്കടുത്ത് മാത്രമെയുള്ളൂ. മിക്ക ദിവസങ്ങളിലും കാലാവസ്ഥ മേഘാവൃതമാണ്. ഇളംകാറ്റും ചാറ്റൽ മഴയുമുണ്ട്. സുഖകരമായ ഈ കാലാവസ്ഥ ആസ്വദിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ സഞ്ചാരികൾ കശ്മീരിലെത്തുന്നു.
കൊടും തണുപ്പൊഴിഞ്ഞ് തെളിഞ്ഞ സുഖകരമായ കാലാവസ്ഥ സന്ദർശകർക്ക് ആവേശം പകരുന്നുണ്ടെന്ന് കശ്മീരിൽ നിന്ന് തിരിച്ചെത്തിയ വയനാട്ടുകാരി ദിവ്യ രാജ് ട്രിപ് അപ്ഡേറ്റ്സിനോട് പറഞ്ഞു. സോനാമർഗിലും ഗുൽമർഗിലും പഹൽഗാമിലുമെല്ലാം പോയി. സോനാമർഗിലാണ് മഞ്ഞ് ആസ്വദിച്ചത്. മറ്റിടങ്ങളിൽ മഞ്ഞ് കുറവായിരുന്നെങ്കിലും പച്ചപ്പും കാലാവസ്ഥയും നന്നായി ആസ്വദിച്ചു. കശ്മീരിലേക്കിത് കന്നി യാത്രയായിരുന്നു. കേരളത്തിലെ കത്തിയെരിയുന്ന ചൂടിൽ നിന്ന് ഇവിടെ വന്നിറങ്ങിയത് വല്ലാത്ത അനുഭൂതിയിലേക്കാണെന്നും ദിവ്യ പറഞ്ഞു.