ശ്രീനഗര്‍. കശ്മീരിലെ ഏറ്റവും പ്രശസ്തമായ പൂന്തോപ്പായ ശ്രീനഗറിലെ ട്യുലിപ് ഗാര്‍ഡന്‍ പുഷ്‌പോത്സവ സീസണ്‍ അവസാനിച്ചതോടെ അടച്ചു. മാര്‍ച്ച് 19നാണ് വിനോദ സഞ്ചാരികള്‍ക്കായി പ്രദര്‍ശനത്തിന് തുറന്നിരുന്നത്. ഒരു മാസത്തിനിടെ 3.75 ലക്ഷം സന്ദര്‍ശകരെത്തി. ഇവരില്‍ മൂന്ന് ലക്ഷത്തിലേറെ പേരും വിദേശികള്‍ ഉള്‍പ്പെടെ കശ്മീരിനു പുറത്തു നിന്നുള്ളവരാണ്. ഇത് സര്‍വകാല റെക്കോഡാണ്.
74 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഇന്ദിരാ ഗാന്ധി മെമോറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍ ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് പൂന്തോപ്പാണ്. വിവിധയിനത്തിലും നിറങ്ങളിലമുള്ള ലക്ഷക്കണക്കിന് ട്യൂലിപ് പൂക്കളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ശ്രീനഗറിലെ ദല്‍ തടാകക്കരയില്‍ സബര്‍വാന്‍ മലനിരകളുടെ താഴ്‌വരയിലാണിത് സ്ഥിതി ചെയ്യുന്നത്. കശ്മീരില്‍ പുഷ്പകൃഷിയും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2007ലാണ് ഈ പൂന്തോപ്പ് ആദ്യമായി സഞ്ചാരികള്‍ക്ക് തുറന്നു നല്‍കിയത്. എല്ലാ വര്‍ഷവും മാര്‍ച്ച് മൂന്നാം വാരത്തോടെ തുറക്കുന്ന ഗാര്‍ഡനില്‍ 25 ദിവസമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളത്.