ശ്രീനഗർ. ഏഷ്യയിലെ ഏറ്റവും വലിയ TULIP GARDEN എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനഗറിലെ ദൽ തടാകക്കരയിലെ വിശാലമായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ ഈ സീസണിൽ വിനോദസഞ്ചാരികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി. ശനിയാഴ്ചയാണ് (മാർച്ച് 23) പൊതുജനങ്ങൾക്കായി ഈ പൂന്തോട്ടം തുറക്കുന്നത്. ട്യൂലിപ് പുഷ്പങ്ങളുടെ വർണവൈവിധ്യത്തിൽ മുങ്ങി നിൽക്കുന്ന ഈ പൂന്തോട്ടത്തിലേക്ക് ഇനി സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ശാന്തമായ ദൽ തടാകത്തിനും ഗാംഭീര്യമുള്ള സബർവാൻ കുന്നുകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഉദ്യാനം സിറാജ് ബാഗ് എന്ന പേരിലു അറിയപ്പെട്ടിരുന്നു.
നിലവിലുള്ള 68 വ്യത്യസ്ത ഇനം ട്യൂലിപ് പൂക്കൾക്കു പുറമെ ഈ വർഷം അഞ്ച് പുതിയ ട്യൂലിപ് ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഫ്ലോറികൾചർ വകുപ്പ് അധികൃതർ അറിയിച്ചു. 55 ഹെക്ട്ർ ഭൂമിലിയിൽ വിശാലമായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തെ അലങ്കരിക്കുന്നത് 17 ലക്ഷം ട്യുലിപ് പുഷ്പങ്ങളാണ്. ഈ വർഷം അധികമായി രണ്ടു ലക്ഷം ട്യൂലിപ് പൂക്കളാണ് ഉൾപ്പെടുത്തിയത്.
അതിശയിപ്പിക്കുന്ന ട്യൂലിപ് ഇനങ്ങൾക്ക് പുറമേ, സന്ദർശകർക്കായി മറ്റ് വസന്തകാല പുഷ്പ ഇനങ്ങളും ആകർഷകമായി ഒരുക്കിയിട്ടുണ്ട്. ഹയാസിന്ത്സ്, ഡാഫഡിൽസ്, മസ്കറി, സൈക്ലമെൻസ് എന്നിവ ഇക്കൂട്ടത്തിലുൾപ്പെടുന്നു. മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്ത് ലോണുകളും നടപ്പാതകളും ഉദ്യോനത്തിലുണ്ട്. കഴിഞ്ഞ വർഷം, ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 3.65 ലക്ഷത്തിലധികം ടൂറിസ്റ്റുകളാണ് ട്യൂലിപ് ഗാർഡൻ സന്ദർശിച്ചത്. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ പാർക്കിങ് സൗകര്യങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.