കൊച്ചി. ഇന്ത്യൻ കാര്‍വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്‌യുവി കൈലാഖ് (Škoda Kylaq) നവംബര്‍ ആറിന് അവതരിപ്പിക്കും. കൈലാഖിന്റെ ആഗോള അരങ്ങേറ്റമായിരിക്കുമിത്. ഇന്ത്യയിലെ കാര്‍ വിപണിയുടെ 30 ശതമാനത്തോളം വരുന്നതും വളരെ വേഗം വളരുന്നതുമായ സബ് 4 മീറ്റര്‍ വിഭാഗത്തില്‍ സ്‌കോഡയുടെ സ്ഥാനം അടയാളപ്പെടുന്ന വാഹനമാണിത്. കൈലാഖിന്റെ വരവോടെ സ്‌കോഡ എസ്‌യുവികളുടെ ശ്രേണി കൂടുതല്‍ വിപുലമാകും. നിലവില്‍ ലക്ഷുറി എസ് യുവി കോഡിയാക്കും മിഡ് സൈസ് എസ് യുവി കുഷാഖും ഇന്ത്യന്‍ നിരത്തുകളിലുണ്ട്. ആധുനികതയും ബോള്‍ഡ് സ്റ്റൈലിങ്ങും മികച്ച ഫീച്ചറുകളും ചേരുന്ന കൈലാഖ് കോംപാക്റ്റ് എസ്യുവികള്‍ക്ക് പുതിയ മാനം നല്‍കും. പുതിയ കോംപാക്റ്റ് എസ് യുവിയുടെ വരവോടെ ഇന്ത്യയില്‍ സ്‌കോഡ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. യൂറോപ്പിനു പുറത്തെ സ്‌കോഡയുടെ ഏറ്റവും പ്രധാന വിപണിയാണ് ഇന്ത്യ.
“പ്രധാനമായും പ്രാദേശികമായാണ് കൈലാഖ് രൂപകൽപ്പന ചെയ്തത്. മൂല്യത്തിന് പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന മികച്ച ഫീച്ചറുകൾക്കൊപ്പം ഡ്രൈവിങ് സുഖം, സുരക്ഷ, യാത്രാ സുഖസൗകര്യങ്ങൾ എന്നിവയിലെല്ലാം സ്കോഡയുടെ ജനിതക ഘടനയുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കൾ മനസ്സിൽ കാണുന്നത് കൈലാഖിൽ ഉണ്ടായിരിക്കും. ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് എഞ്ചിനീയറിങ് നടത്തിയ കൈലാഖ് ഇന്ത്യൻ കാർവിപണിയിൽ ഒരു വഴിത്തിരിവാകും,” സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ പിയൂഷ് അറോറ പറഞ്ഞു.
പുതുതലമുറയ്ക്ക് വേണ്ടതെല്ലാം കൈലാക്കിലുണ്ട്
ഇന്ത്യൻ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങൾ കണക്കിലെടുത്താണ് കൈലാഖ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മോഡേൺ, ബോൾഡ്, മസ്കുലർ ചേരുവകളോടെ സ്‌കോഡയുടെ ആഗോള ഡിസൈൻ ഭാഷ ഇതിലുണ്ട്. സ്കോഡ കാറുകളുടെ ലാളിത്യവും ദൃഢതയും ഗുണനിലവാരവും ലളിതമായി പ്രതിഫലിപ്പിക്കുന്ന ലൈനുകളാണ് ഡിസൈൻ നിർവചിക്കുന്നത്. ഫെൻഡറുകൾക്ക് ചുറ്റുമുള്ള ബോൾഡ്, മസ്കുലർ ഭാഗങ്ങൾ കാറിന്റെ നിൽപ്പും എടുപ്പും റോഡ് സാന്നിധ്യവും കൂടുതൽ മെച്ചപ്പെടുത്തുന്നതാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വീലുകൾക്കു ചുറ്റുമുള്ള ഇടവും മോശം റോഡിലും മികച്ച റൈഡ് സാധ്യമാക്കുന്നു. കാറിന് എസ്‌യുവി സ്വഭാവം നൽകുന്നതും ഇതാണ്. മുൻവശത്ത് സാധാരണ സ്കോഡ എസ്‌യുവിയുടെ ഭാവം നിലനിർത്തിയിട്ടുണ്ട്. ഡിഎൽആർ ലൈറ്റ് പരിഷ്ക്കരിച്ചിട്ടുണ്ട്. കൂടുതൽ കൃത്യതയും വരുത്തിയിട്ടുണ്ട്. വശങ്ങളിലും പിൻവശത്തും ഒരു ഷഡ്ഭുജ പാറ്റേണും ഡിസൈനിന് കൂടുതൽ മിഴിവ് നൽകുന്നു.
“ഇന്ത്യയിലെ ഞങ്ങളുടെ ഏറ്റവും വലിയ കാർ ലോഞ്ചിങ്ങിന് എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു. ഇത് വലിയൊരു നാഴികക്കല്ലാകും. പുതിയ ഉപഭോക്താക്കളിലെത്തി വിപണി വിഹിതം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. കൈലാഖ് ഒരു ഗംഭീര ലുക്കുള്ള എസ് യുവി ആണെന്ന് ടീസറുകളിൽ നിന്ന് നിങ്ങൾ മനസ്സിലാക്കിക്കാണും. കൈലാഖ് ഇപ്പോൾ അതിന്റെ അവസാന ഘട്ട പരീക്ഷണ ഓട്ടത്തിലായതിനാൽ പൂർണ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. യുറോപ്യൻ സാങ്കേതികവിദ്യയെ ഇന്ത്യയിൽ ജനകീയമാക്കാനിരിക്കുന്ന കാറായിരിക്കും കൈലാഖ്. എല്ലാ വേരിയന്റിലും പ്രത്യക്ഷവും പരോക്ഷവുമായ 25 സുരക്ഷാ ഫീച്ചറുകൾ ലഭ്യമാക്കുന്ന കാറാണിത്. ഉയർന്ന വേരിയന്റുകളിൽ 30 സുരക്ഷാ ഫീച്ചറുകളുമുണ്ടായിരിക്കും. സുരക്ഷയിലും പ്രവർത്തനമികവിലും ഏറ്റവും മുൻനിരയിലായിരിക്കും കൈലാഖിന്റെ സ്ഥാനം,” സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനിബ പറഞ്ഞു.
കരുത്ത്, പ്രകടനം, സുരക്ഷ, മറ്റു ഫീച്ചറുകൾ
പ്രവർത്തന ക്ഷമതയും കരുത്തും തെളിയിച്ച സിക്സ്-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഒപ്ഷനുകളുള്ള 1.0 ടിഎസ്ഐ എഞ്ചിനാണ് കൈലാഖിന്റെ ഹൃദയം. ഈ എഞ്ചിൻ 85Kw കരുത്തും 178Nm ടോർക്കും നൽകുന്നു. കുഷാക്കിലും സ്ലാവിയയിലുമുള്ള MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് കൈലാഖും നിർമ്മിച്ചിരിക്കുത്. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള യാത്രാ സുരക്ഷയുടെ കാര്യത്തിൽ ഗ്ലോബൽ എൻകാപ് ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ നേടിയ കാറുകളാണ് ഇവ രണ്ടും. ആറ് എയർബാഗുകൾ, ട്രാക്ഷൻ – സ്റ്റെബിലിറ്റി കൺട്രോൾ, ആൻ്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, റോൾ ഓവർ പ്രൊട്ടക്ഷൻ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, പാസഞ്ചർ എയർബാഗ് ഡീആക്ടിവേഷൻ, മൾട്ടി കൊളിഷൻ ബ്രേക്കിംഗ് തുടങ്ങി 25ലധികം സുരക്ഷാ ഫീച്ചറുകളോടെയാണ് കൈലാഖ് വരുന്നത്.
ഡ്രൈവർക്കും യാത്രക്കാർക്കും അകത്ത് നല്ല നല്ല സ്ഥലസൗകര്യവും യാത്രാസുഖവും കൈലാഖ് നൽകും. വെൻ്റിലേഷൻ ഫംഗ്‌ഷനോടുകൂടിയ, ആറു രീതിയിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ ഈ വിഭാഗത്തിൽ ആദ്യമായാണ് വരുന്നത്. ഏറ്റവും കടുത്ത മത്സരമുള്ളതും അതിവേഗം വളരുന്നതുമായ കോംപാക്റ്റ് എസ് യു വി വിഭാഗത്തിൽ സ്കോഡയുടെ തേരോട്ടം നയിക്കുന്നത് ഇനി കൈലാഖ് ആയിരിക്കും.
ചന്ദ്രനിൽ പോയി വരുന്ന ദൂരം ഇതിനകം താണ്ടി
കുന്നും മലയും പരുക്കൻ റോഡുകളും നഗരങ്ങളും ഹൈവേകളും തുടങ്ങി എല്ലാത്തരം പാതകളിലുമായി ഇന്ത്യയിലുടനീളം എട്ടു ലക്ഷം കിലോമീറ്റർ ഓടിച്ച് പരീക്ഷിച്ച വാഹനമാണ് കൈലാഖ്. അതായത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കും തിരിച്ചുമുള്ള ദൂരത്തേക്കാളേറെ ഇതിനകം കൈലാഖ് ഓടിയിട്ടുണ്ട്. ഭൂമിയെ 20ലേറെ തവണ ചുറ്റിയ ദൂരം വരുമിത്. മാത്രവുമല്ല, മൈനസ് 10 ഡിഗ്രി സെൽഷ്യസ് മുതൽ 85 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലകളിലും ഈ കാർ ടെസ്റ്റ് ചെയ്തിട്ടുണ്ട്. കനത്ത മഴ സാഹചര്യങ്ങളും പുനർസൃഷ്ടിച്ച് പരിശോധിച്ചിട്ടുണ്ട്. ഏതു ശക്തമായ മഴയിലും അകത്തേക്ക് വെള്ളം കയറില്ല എന്ന് നിർമ്മാതാക്കൾ ഉറപ്പാക്കിയിട്ടുണ്ട്. ഏതു റോഡ് സാഹചര്യങ്ങളിലും അകത്തളം ശബ്ദരഹിതവും വിറയൽ ഇല്ലാത്തതുമായ രീതിയിലാണ് ക്രമീകരണങ്ങൾ. എത്ര ചൂടായാലും വെയിലായാലും വാഹനത്തിന്റെ പോളിമറിക് ഭാഗങ്ങൾക്ക് കേടുപാടുകൾ വരുന്നില്ലെന്ന് ഉറപ്പാക്കാൻ രണ്ടു വർഷമാണ് കൈലാഖിനെ തുറന്നിട്ടത്. 189 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. നിർമാണ വേളയിൽ തന്നെ സുരക്ഷയിലും യാത്രാസുഖത്തിലും ഗുണനിലവാരം ഉറപ്പാക്കുന്നതിന് പല നടപടിക്രമങ്ങളിലൂടേയും കൈലാഖ് കടന്നുപോയിട്ടുണ്ട്. റൂഫും മറ്റു ജോയിന്റുകളും ലേസർ-ബ്ലേസ്ഡ് ആണ്. കൈലാക്കിൻ്റെ ജിയോമെട്രി ക്രമീകരണം റോബോട്ടൈസ്ഡ് ആണ്. ഷാസിയുടെ ഇൻലൈൻ അളവുകൾ രണ്ടിടങ്ങളിലായാണ് ചെയ്തത്. അസംബ്ലി ലൈനിലെ ഓരോ ഘട്ടത്തിലും എഞ്ചിൻ പ്രതലത്തിലെ വ്യതിയാനങ്ങളും പൊരുത്തക്കേടുകളും നിരന്തരം എഐ ക്യാമറകൾ പരിശോധിച്ചുക്കൊണ്ടിരിക്കുന്നു. കൂടാതെ സാധ്യമായ ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്നതാണ് നിർമാണത്തിനുപയോഗിച്ചിരിക്കുന്ന എല്ലാ ഘടകങ്ങളും.