പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് സംസ്ഥാനത്തോട് ചേര്‍ന്ന്, കൊടും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ശിരുവാണി. കാടിന് ഒത്തനടുക്കുള്ള പട്യാര്‍ ബംഗ്ലാവിലെ താമസമാണ് ഇവിടെ പ്രധാന ആകര്‍ഷണം. പാലക്കാട് കോഴിക്കോട് ഹൈവേയില്‍ മണ്ണാര്‍ക്കാട്ടു നിന്ന് ഏകദേശം പത്ത് കി.മി പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്, ചിറക്കല്‍പടി എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ്, പാലക്കയം വഴി 18 കി.മി ദൂരം സഞ്ചരിച്ചാല്‍ ശിരുവാണി ഡാം എത്തും. ഡാം എത്തുന്നതിനു എട്ട് കി.മി മുമ്പിലായി ഇഞ്ചിക്കുന്ന് എന്ന സ്ഥലത്ത് ഒരു ചെക്ക്‌പോസ്റ്റ് ഉണ്ട്. ചെക്ക്‌പോസ്റ്റ് വരെ ആള്‍താമസമുള്ള പ്രദേശത്തുകൂടിയാണ് യാത്ര. റോഡിനിരുവശവും കൃഷിസ്ഥലങ്ങള്‍, റബർ ആണ് കൂടുതലും. കൂടാതെ വാഴ, കപ്പ, ചേമ്പ്, ഇഞ്ചി തുടങ്ങിയവയുമുണ്ട്.
ബംഗ്ലാവിലെ താമസം
രണ്ട് റൂമുകളുള്ള ബംഗ്ലാവ്. ഒരു റൂമില്‍ അഞ്ച് പേര്‍ക്ക് താമസിക്കാം. അത്യാവശ്യ സൗകര്യമുള്ള മുറികൾ. കൂടാതെ കിച്ചനും കുക്കും. വൈദ്യുതിക്ക് സോളാറുമുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെ എഴുന്നേൽക്കണം. എങ്കിലെ കാടിന്റെ ശരിക്കുമുള്ള സൗന്ദര്യം കാണാന്‍ കഴിയൂ. അതിമനോഹരമായ പ്രഭാത ദൃശ്യത്തില്‍ കാടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഡാമും ബംഗ്ലാവിലിരുന്ന് കാണാം. ആറളം വന്യജീവി സങ്കേതത്തെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്‍ സാന്ദ്രതയുള്ളതാണ്.
പ്രധാന ആകര്‍ഷണം
ഡാം സന്ദര്‍ശനവും കാട്ടിലേക്കുള്ള സവാരിയും കൊടുംവനത്തില്‍ പട്യാര്‍ ബംഗ്ലാവിലെ താമസവുമാണ് ഇവിടുത്തെ പ്രധാന വിനോദ പരിപാടികള്‍. ട്രക്കിങ്ങിന് വരുന്നവര്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് സന്ദര്‍ശന സമയം. സ്വകാര്യവാഹനങ്ങള്‍ക്കും വനത്തിനുള്ളിലേക്ക് കടന്നുപോകാം.
ചരിത്രം
ശിരുവാണി ഡാമിന്റെ നിര്‍മാണം തുടങ്ങിയത് 1927ല്‍ ആണ്. പ്രകൃതിയുടെ വെല്ലുവിളി അതിജീവിച്ച് ഉണ്ടാക്കിയ, ഈ ഡാമിലെ വെള്ളം മുഴുവന്‍ ഉപയോഗിക്കുന്നത് തമിഴ്‌നാടാണ്. ബംഗ്ലാവില്‍ നിന്നും ഏകദേശം മൂന്ന് കിലോ മീറ്റർ കൂടി ചെന്നാല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായി. കേരളമേട് എന്നാണ് സ്ഥലത്തിന്റെ പേര്. അതിര്‍ത്തിക്കിരുവശവും ഓരോ ചെക്ക്‌പോസ്റ്റ് ഉണ്ട്. ആന, കടുവ, മാന്‍, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ ജീവികള്‍ രാത്രികാലങ്ങളില്‍ ചെക്ക്‌പോസ്റ്റിനു അടുത്ത് വരുന്നത് പതിവാണ്. തമിഴ്‌നാട് ചെക്ക്‌പോസ്റ്റിനു മുകളില്‍ കയറി നോക്കിയാല്‍ കോയമ്പത്തൂര്‍ പട്ടണം ഒരുവിധം നന്നായി കാണാം. കേരളമേട് നിന്ന് ഏകദേശം 30 കിലോ മീറ്റര്‍ തമിഴ്‌നാട് വനത്തിലൂടെ സഞ്ചരിച്ചാല്‍ കോയമ്പത്തൂര്‍ ടൗണിലെത്തും.
പ്രകൃതിയുടെ വന്യസൗന്ദര്യം ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ ലിസ്റ്റില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ഒരിടമാണ് പട്യാര്‍ ബംഗ്ലാവ്. വൈകീട്ട് മൂന്നു മണിക്കെങ്കിലും ബംഗ്ലാവിലെത്തുന്ന വിധം വേണം യാത്ര ക്രമീകരിക്കാന്‍. അതീവഹൃദ്യമായ ഒട്ടേറെ കാഴ്ചകള്‍ ബംഗ്ലാവില്‍ നിന്നും ട്രക്കിങ്ങിനിടയിലും കാണാം. ഞങ്ങള്‍ക്ക് ലഭിച്ചതു പോലെ ഇടയ്ക്ക് മഴയുടെ അനുഗ്രഹം കൂടിയുണ്ടായാല്‍ യാത്ര കെങ്കേമമാകും.