ഷിംല സാധാരണ നിലയിലേക്ക്; സഞ്ചാരികള്‍ തിരിച്ചെത്തി തുടങ്ങി

ഷിംല. കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടാക്കിയ ദുരന്തത്തെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുത്തനെ ഇടിഞ്ഞിരുന്നു. മഴ മാറി കാലാവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതോടെ ഷിംലയില്‍ സഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങി. മഴയില്‍ തകര്‍ന്ന പ്രധാന റോഡുകള്‍ ഗതാഗത യോഗ്യമാക്കി വീണ്ടും തുറന്നിട്ടുണ്ട്.

വിവിധ ജില്ലകളില്‍ ശക്തി കുറഞ്ഞ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മഴ സഞ്ചാരികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കില്ല. എങ്കിലും മഴയുള്ള സമയത്ത് പുറത്തിറങ്ങാതിരിക്കുക എന്നാണ് ടൂറിസ്റ്റ് ഗൈഡുകള്‍ നല്‍കുന്ന നിര്‍ദേശം. പ്രകൃതി ദുരന്തത്തിനു ശേഷമുള്ള കാലാവസ്ഥ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഷിംല സന്ദര്‍ശിക്കുന്നതിന് അനുയോജ്യമാണെന്നും പ്രയാസങ്ങളുണ്ടാകില്ലെന്നും ടൂറിസം സംരംഭകര്‍ വിനോദ സഞ്ചാരികള്‍ക്ക് ധൈര്യം പകരുന്നുണ്ട്.

മഴയും മിന്നല്‍ പ്രളയും 70 പേരുടെ ജീവനാണ് കവര്‍ന്നത്. ടൂറിസം മേഖലയ്ക്കും ഇത് കനത്ത നഷ്ടങ്ങളുണ്ടാക്കി. ജൂണ്‍ 24നു ശേഷം 8014.61 കോടി രൂപയുടെ നഷ്ടമാണ് ഹിമാചല്‍ പ്രദേശിനുണ്ടായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 2022 വീടുകള്‍ പൂര്‍ണമായും 9615 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഈ മണ്‍സൂണ്‍ സീസണില്‍ മാത്രം 113 മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Legal permission needed