ഷില്ലോങ്. ലോകത്തിലെ ഏറ്റവും മനോഹര ചെറി വന്തോത്സവങ്ങളിലൊന്നായ Shillong Cherry Blossom Festival 2023ന് മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ ഇന്നു മുതൽ തുടക്കമായി. ജപ്പാനിലെ ചെറി വസന്തകാലത്തെ വെല്ലുന്ന നയനമനോഹര കാഴ്ചകളാൽ സമ്പന്നമാണ് ഷില്ലോങിലെ തെരുവോരങ്ങളും പാതകളും പാർക്കുകളും. എങ്ങും വൈറ്റ്, പിങ്ക് നിറങ്ങളിൽ പൂത്തുലഞ്ഞ ചെറി പൂക്കളാൽ സമ്പന്നമാണ്. ഇതോടൊപ്പം നല്ല കാലാവസ്ഥയും കൂടിയാകുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഒട്ടേറെ വിനോദ സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ജപ്പാനിലും അമേരിക്കയിലുമെല്ലാം സാധാരണ ഏപ്രിലിലാണ് ചെറി മരങ്ങൾ പൂത്തുലയുന്നതെങ്കിൽ ഇന്ത്യയിലെ ചെറി വസന്തത്തിന്റെ സ്വന്തം ഇടമായ ഷില്ലോങിൽ ഇത് നവംബറിലാണ്. ഷില്ലോങിലെ പ്രധാന ടൂറിസ്റ്റ് സീസണും ഈ സമയത്താണ്. നവംബർ 17, 18, 19 തീയതികളിൽ ഭോയ്റിംബോങിൽ മദൻ കുർകലാങ് ആർബിഡിഎസ്എ സ്പോർട്സ് കോംപ്ലക്സിലാണ് ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത്. മേഘാലയ ടൂറിസം (Meghalaya Tourism) വകുപ്പാണ് സംഘാടകർ.
ചെറി വസന്തത്തോടൊപ്പം മേഘാലയയുടെ കലാ, സാംസ്കാരിക വൈവിധ്യങ്ങളുടേയും ആഘോഷമാണിത്. ലോക പ്രശസ്തരായ പോപ്പ് സംഗീത ബാൻഡുകളുടെ പ്രകടനങ്ങളും ഫെസ്റ്റിവലിന്റെ പ്രധാന ഭാഗമാണ്. പാശ്ചാത്യ ലോകത്ത് ഏറെ പ്രശസ്തരായ പോപ് സംഗീതജ്ഞരും ഗായകരുമായ റോനൻ കീറ്റിങ്, മൂന്ന് തവണ ഗ്രാമി ജേതാവായ നെ-യോ, ബ്രസീലിയൻ ഡിജെ കെന്നി മൂസിക്, ജോനസ് ബ്ലൂ എന്നിവരും കൊറിയയിലെ നമ്പർ വൺ ഇൻഡി റോക്ക് ബാൻഡായ സുറ്ൽ, പിങ്ക് പാണ്ട ഡിജെ, ഹൈബ്രിഡ് തിയറി, ഇന്ത്യയിലെ ജനപ്രിയ പോപ് ബാൻഡ് സനം എന്നിവരുടേയും പ്രകടനങ്ങൾ ഫെസ്റ്റീവലിനെ ഇത്തവണ സംഗീതത്തിൽ മുക്കും.
കോസ്‌പ്ലേ, ഫാഷൻ സൗന്ദര്യ മത്സരങ്ങൾ, ഗാനമേളകൾ, ഗ്രഫിറ്റി, ആർട്ട് ഇൻസ്റ്റലേഷൻ, കരോക്കെ മത്സരങ്ങൾ, സിപ്‌ലൈൻ തുടങ്ങി വൈവിധ്യമാർന്ന ആക്ടിവിറ്റികളും ആഘോഷത്തിന്റെ ഭാഗമായുണ്ട്. പ്രതിദിനം 30,000 സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിനോദ സഞ്ചാരികളാകും.
മേഘാലയയിലെ തനത് രുചി വൈവിധ്യങ്ങളും വിവിധ വിഭവങ്ങളും ആസ്വദിക്കാവുന്ന ഭക്ഷ്യമേളയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്. 1500 രൂപ മുതൽ 15000 രൂപ വരെയാണ് വിവിധ ടിക്കറ്റ് നിരക്കുകൾ. ഓൺലൈനായി ബുക്ക് ചെയ്യാം.