രണ്ടാം Vande Bharat ഹിറ്റായി; തിരൂര്‍ സ്റ്റോപ്പ് സൂപ്പര്‍ ഹിറ്റും; കണക്ഷന്‍ സര്‍വീസുമായി KSRTCയും

vande bharat trip updates

തിരൂര്‍. കേരളത്തില്‍ വന്ദേ ഭാരത് (Vande Bharat) എക്‌സ്പ്രസ് ആദ്യമായി എത്തിയപ്പോള്‍ മലപ്പുറം ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിക്കാത്തത് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ആദ്യം തിരൂരില്‍ സ്റ്റോപ്പ് പ്രഖ്യാപിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത നടപടിയായിരുന്നു പ്രതിഷേധത്തിന് ആധാരം. ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള വലിയ ജില്ല ആയിട്ടുപോലും ഒരു സ്‌റ്റോപ്പു പോലും അനുവദിച്ചില്ല. രണ്ടാം വന്ദേ ഭാരതിനും ആദ്യ ഷെഡ്യൂളില്‍ തിരൂരില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അനുവദിച്ചു. ശേഷം സംഭവിച്ചതെല്ലാം റെയില്‍വേക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

രണ്ടാം വന്ദേ ഭാരത് സര്‍വീസിന്റെ ആദ്യ ദിവസം തന്നെ തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും തിരൂരിലെത്തിയത് 44 യാത്രക്കാരാണ്. തുടര്‍ന്നുള്ള യാത്രയില്‍ പത്തു പേര്‍ തിരൂരില്‍ നിന്ന് കയറുകയും ചെയ്തു. ആദ്യ ദിവസം തന്നെ തിരൂരിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ റെയില്‍വേക്ക് ഈ സ്റ്റോപ്പ് നഷ്ടമുണ്ടാക്കില്ലെന്ന സൂചനയാണ് നല്‍കിയത്.

തിരൂരിൽ നിന്ന് ടിക്കറ്റില്ല, ബുക്കിങ് ഫുൾ

വന്ദേ ഭാരതില്‍ ഇപ്പോള്‍ തിരൂരിലേക്ക് ടിക്കറ്റ് ബുക്കിങ് ലഭിക്കാത്ത സ്ഥിതിയാണ്. തിരുവനന്തപുരത്ത് നിന്ന് തിരൂരിലേക്ക് ഒക്ടോബര്‍ എട്ടു വരെ ചെയര്‍ കാറിലും എക്‌സിക്യൂട്ടീവ് ചെയര്‍ ക്ലാസിലും ടിക്കറ്റ് കിട്ടാനില്ല. ഒരാഴ്ചത്തേക്ക് ബുക്കിങ് ഫുള്‍ ആണ്. തിരൂരില്‍ നിന്ന് തിരുവന്തപുരത്തേക്ക് അടുത്ത ആഴ്ചയ്ക്കിടെ വെള്ളിയാഴ്ച മാത്രമാണ് ഏതാനും ടിക്കറ്റുകള്‍ ബാക്കിയുള്ളത്. എക്‌സിക്യൂട്ടീവ് ചെയര്‍ ക്ലാസില്‍ ഒറ്റ ടിക്കറ്റും ബാക്കിയില്ല. തിരൂരിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് സീറ്റുറപ്പിക്കണമെങ്കില്‍ ആഴ്ചകള്‍ക്കു മുമ്പെ ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. തിരൂര്‍-തിരുവനന്തപുരം ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസ് 1955 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചൂടപ്പം പോലെയാണ് ഈ ടിക്കറ്റുകള്‍ വിറ്റു പോകുന്നത്.

വന്ദേ ഭാരത് കണക്ഷൻ സർവീസുമായി KSRTC

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനെ കണക്ട് ചെയ്ത് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ അങ്ങേയറ്റു നിന്നുള്ള യാത്രക്കാരെ വന്ദേ ഭാരതിന്റെ സമയം കണക്കാക്കി തിരൂരിലെത്തിക്കുന്നതിന് മഞ്ചേരിയില്‍ നിന്നാണ് പുതിയ സര്‍വീസ്. ഒക്ടോബര്‍ മൂന്ന് (ചൊവ്വ) മുതല്‍ സര്‍വീസ് ആരംഭിക്കും. മഞ്ചേരിയില്‍ നിന്ന് വൈകീട്ട് ഏഴു മണിക്കു പുറപ്പെട്ട് മലപ്പുറം, കോട്ടക്കല്‍ വഴി രാത്രി 8.40ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേ ഭാരത് തിരൂരിലെത്തുക. 9 മണിക്ക് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരിച്ച് യാത്രയാരംഭിക്കുന്ന കെഎസ്ആര്‍ടിസി രാത്രി 10ന് മലപ്പുറത്ത് യാത്ര അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം.

Legal permission needed