RAIN ALERT ശക്തമായി മഴ തുടരും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചി. സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാം ഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്. ജനങ്ങൾ പൂർണ ജാഗ്രത പാലിക്കണമെന്നാണ് ഈ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ചയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് ബുധനാഴ്ച വരെ മണിക്കൂറില്‍ 40-45 കിലോമീറ്റര്‍ വേഗതയുള്ള ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed