കോഴിക്കോട്. രാമേശ്വരത്തേക്ക് ട്രെയിൻ കാത്തിരിക്കുന്ന വിനോദ സഞ്ചാരികളുടേയും തീർത്ഥാടകരുടേയും ഏറെ നാളത്തെ ആവശ്യം സഫലമാകുന്നു. മംഗളൂരുവിൽ നിന്ന് രാമേശ്വരത്തേക്ക് പുതിയ പ്രതിവാരം ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനാൽ സർവീസ് എന്ന് ആരംഭിക്കുമെന്നതു സംബന്ധിച്ച് വ്യക്തതയില്ല. ട്രെയിൻ നമ്പർ 16622/16621 മംഗളൂരു-രാമേശ്വരം-മംഗളൂരു വീക്ക്ലി എക്സ്പ്രസ് ശനിയാഴ്ചകളിലാണ് മംഗളൂരുവിൽ നിന്ന് സർവീസ് നടത്തുക.
ശനിയാഴ്ചകളിൽ വൈകീട്ട് 7.30 ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വണ്ടി ഞായറാഴ്ച പകൽ 11.45ന് രാമേശ്വരത്ത് എത്തിച്ചേരും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒഡൻചത്രം, ഡിണ്ടിഗൽ, മധുരൈ, മൻമദുരൈ, രാമനാഥപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. അതേസമയം ഈ ട്രെയിനിന് മലപ്പുറം ജില്ലയിൽ എവിടേയും സ്റ്റോപ്പില്ല. തിരിച്ചുള്ള വണ്ടി ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 5.50ന് മംഗളൂരുവിലെത്തിച്ചേരും. 2022ൽ റെയിൽവേ മന്ത്രാലയം പ്രതിവാര സർവീസിന് അനുമതി നൽകിയിരുന്നെങ്കിലും ട്രെയിൻ ഇതുവരെ ഓടിയിട്ടില്ല.
പഴനി, മധുരൈ, രാമേശ്വരം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ധനുഷ്കോടിയിലേക്കുള്ള വിനോദ സഞ്ചാരികൾക്കും ഈ ട്രെയിൻ വലിയ ആശ്വാസമാകും. മംഗളൂരു-രാമേശ്വരം ട്രെയിനിനായി ഏറെ കാലമായി യാത്രക്കാർ ആവശ്യമുന്നയിച്ചു വരികയായിരുന്നു.