മറയൂര്‍. പാമ്പാടുംചോല ദേശീയോദ്യാനത്തില്‍ ഈയിടെ ആരംഭിച്ച പോളാരിസ് റൈഡ് ശ്രദ്ധയാകർഷിക്കുന്നു. എസ്‌കേപ്പ് റോഡിലൂടെ ചുറ്റുമുള്ള നിബിഡവനവും വനസമ്പത്തും കണ്ടാസ്വദിക്കുന്നതിന് വനംവകുപ്പിന് കീഴിലുള്ള പാമ്പാടുംചോല ദേശീയോദ്യാനത്തില്‍ വിവിധ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് എസ്‌കേപ്പ് റോഡ് പോളാരിസ് റൈഡ്. ചെക്ക് പോസ്റ്റ് മുതല്‍ ഷോല വ്യൂ പോയിന്റ് വരെയാണ് സഫാരി ഉള്ളത്. ഓള്‍ ടെറയിന്‍ വെഹിക്കിള്‍ ആയ പോളാരിസില്‍ നാല് പേര്‍ക്കാണ് ഒരേസമയം യാത്രചെയ്യാവുന്നത്. ഇതിനായി ഇന്ത്യക്കാര്‍ക്ക് ഈടാക്കുന്നത് 1,120 രൂപയാണ്.
വന്യജീവികളെ കണ്ട്, ചോലവനങ്ങള്‍ കണ്ട് എസ്‌കേപ്പ് റോഡ് വഴിയുള്ള സഫാരി ആസ്വദിക്കാം എന്നതാണ് ഈ പോളാരിസ് റൈഡിനെ വേറിട്ട് നിര്‍ത്തുന്നത്. സഫാരി ചെന്ന് നില്‍ക്കുന്നത് ഷോല വ്യൂപോയിന്റിലാണ്. ഈ വ്യൂപോയിന്റില്‍ നിര്‍മിച്ച ‘സ്‌കൈബ്രിഡ്ജ്’ ചോലവനങ്ങളുടെ മുകളിലേക്ക് കയറിനില്‍ക്കുന്നു അവിടെനിന്ന് പാമ്പാടുംചോല താഴ് വര കണ്ട് ചോലവനങ്ങള്‍ ആസ്വദിക്കാം. അതുകൂടാതെ എസ്‌കേപ്പ് റോഡ് വഴി ട്രെക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോപ് സ്റ്റേഷന്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് തുടങ്ങുന്ന ട്രെക്കിംഗ് ഷോല വ്യൂ പോയിന്റ് വരെ എസ്‌കേപ്പ് റോഡ് വഴി ചെന്ന് സ്‌കൈ ബ്രിഡ്ജ് പോകുകയും അവിടെ നിന്ന് ചോലവനത്തിലൂടെയുള്ള നടപ്പാതയിലൂടെ തിരികെ ടോപ്സ്റ്റേഷന്‍ ചെക്ക്‌പോസ്റ്റില്‍ വന്ന് അവസാനിക്കുകയും ചെയ്യുന്നു. ‘എക്‌സ്‌പ്ലോറിംഗ് ദി എസ്‌കേപ്പ് റോഡ് ട്രെക്കിംഗ് എന്ന ഈ ട്രെക്കിംഗിന് ഇന്ത്യാക്കാര്‍ക്ക് ഈടാക്കുന്നത് ഒരാള്‍ക്ക് 330 രൂപയാണ്. പരിചയസമ്പന്നനായ വഴികാട്ടി കൂടെ ഉണ്ടാകും എന്നത് ഈ ചോലവനങ്ങളെയും അവിടത്തെ വനസമ്പത്തിനെയും ചരിത്രപ്രധാനമായ എസ്‌കേപ്പ് റോഡിനെയും അടുത്തറിയാന്‍ സാധിക്കുന്നു എന്നതാണ്.
കാട്ടുപോത്തുകള്‍ കലമാനുകള്‍, കേഴമാന്‍, കൂരന്‍, കാട്ടാനക്കൂട്ടം എന്നിവയെയും കാണാം. പാമ്പാടുംചോല നീലഗിരിമാര്‍ട്ടിന്‍ എന്ന് അറിയപ്പെടുന്ന അപൂര്‍വജീവിയായ മരനായ്ക്കളെയും കാണാം. കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, ചെന്നായകള്‍ എന്നിവയെയും കാണുന്നു. എണ്‍പത്തഞ്ചോളം ചിത്രശലഭങ്ങളെയും ഇരുപതോളം തുമ്പികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 335-ല്‍ പരം സപുഷ്പികളെ കണ്ടെത്തിയിട്ടുണ്ട്. പന്നല്‍ചെടി വിഭാഗത്തില്‍പ്പെടുന്ന 16 ചെടികള്‍, 17 ഇനം ഉഭയജീവികള്‍, 16 ഇനം ഉരഗജീവികള്‍, 31 ഇനം സസ്ഥനികള്‍ എന്നിവയെയും കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രയ്ക്കിടയില്‍ നിരവധി ഉഭയജീവികളെയും ഉരഗജീവികളെയും കാണാനാകുമെന്നത് മറ്റൊരു പ്രതേകതയാണ്