പാലക്കാട്. ഗവ. വിക്ടോറിയ കോളജ് ഹെറിറ്റേജ് മ്യൂസിയത്തിലെ കാഴ്ചകൾ ഇനി മുതൽ എല്ലാവർക്കും കാണാം. ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 3.30 വരെയാണ് പൊതുജനങ്ങൾക്കുള്ള പ്രവേശന സമയമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മായ സി നായർ അറിയിച്ചു. കോളജ് റോഡിൽ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപം ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴയ പ്രിൻസിപ്പൽ ബംഗ്ലാവാണ് പ്രൗഢിയൊട്ടും കുറയാതെ മ്യൂസിയമായി മാറ്റിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എ കെ.ആന്റണിയുടെ എംപി വികസന ഫണ്ടിൽ നിന്നനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്.
നൂറ്റാണ്ട് പിന്നിട്ട വിക്ടോറിയ കോളജിന്റെ ചരിത്രം പറയുന്ന ‘വിക്ടോറിയയെ അറിയാം’ ഗാലറിയാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണം. 1887 മുതലുള്ള കോളജിന്റെ ചരിത്ര കാഴ്ചകൾ മ്യൂസിയത്തിലുണ്ട്. ഗവ. വിക്ടോറിയ കോളജിൽ ഇപ്പോഴത്തെ കെമിസ്ട്രി ബ്ലോക്കിനു താഴെയാണ് പണ്ട് പോലീസിന്റെ ആയുധങ്ങളും മറ്റും സൂക്ഷിച്ചിരുന്നത്. അത്തരം ചരിത്രത്തിന്റെ തെളിവുകളും ഇവിടെയുണ്ട്.
കേരള ഹെറിറ്റേജ് ഗാലറിയാണ് മറ്റൊരു ആകർഷണം. എജ്യുക്കേഷൻ ഹെറിറ്റേജ് ഗാലറിയും സജ്ജമാക്കിയിട്ടുണ്ട്. അക്കാലത്ത് ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ലാബ് ഉപകരണങ്ങൾ, ഡിസ്റ്റിലറി യൂനിറ്റിന്റെ ശേഷിപ്പുകൾ, 1937ലെ റേഡിയോ, പഴയകാല ബൾബ്, ക്യാമറകൾ, ബൈനോക്കുലർ, ടൈപ്പ്റൈറ്റർ, തോക്കിന്റെ മാതൃക ഉൾപ്പെടെ മ്യൂസിയത്തിലുണ്ട്. കോളജ് ചരിത്ര വിഭാഗം മേധാവിയും പദ്ധതിയുടെ നോഡൽ ഓഫിസറുമായ ഡോ.പി ജെ വിൻസെന്റിന്റെ നേതൃത്വത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.