Bengaluru-Mysuru എക്‌സ്പ്രസ്‌വേയില്‍ ഓട്ടോയ്ക്കും ബൈക്കിനും വിലക്ക്; സര്‍വീസ് റോഡിലൂടെ പോകാം

ബെംഗളുരു. മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത ബെംഗളുരു-മൈസൂരു എക്‌സ്പ്രസ്‌വേയില്‍ (Bengaluru-Mysuru Expressway) ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഈ വാഹനങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് റോഡിലൂടെ മാത്രമെ പോകാവൂ. പത്തു വരി അതിവേഗ പാതയിലെ പ്രധാന ഭാഗമായ നടുവിലെ ആറു വരി പാതയിലാണ് ഓട്ടോയ്ക്കും ബൈക്കിനും വിലക്കേര്‍പ്പെടുത്തിയത്. അപകട സാധ്യത കണക്കിലെടുത്താണ് നടപടി.

ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കു പുറമെ കാള വണ്ടികള്‍, ട്രാക്ടറുകള്‍, ജെസിബി, മറ്റ് വേഗത കുറഞ്ഞ കാര്‍ഷിക വാഹനങ്ങള്‍ എന്നിവയ്ക്കും വിലക്കുണ്ട്. ദേശീയ പാത 275ന്റെ ഭാഗമായ ഈ 118 കിലോമീറ്റര്‍ അതിവേഗ പാത ബെംഗളുരുവിനും മൈസുരുവിനുമിടയിലെ യാത്രാ സമയം ഒന്നര മണിക്കൂറാക്കി കുറക്കുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വരെ ഈ പാതയില്‍ വണ്ടിയോടിക്കാം.

വേഗത കുറഞ്ഞ ചെറിയ വാഹനങ്ങള്‍ കാരണം ഈ പാതയില്‍ ഇതിനകം ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊതുഗതാഗതത്തിനായി തുറന്ന ശേഷം 600ലേറെ അപകടങ്ങളും 160 മരണങ്ങളുമാണ് ഈ അതിവേഗ പാതയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവയിലേറെയും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ടവയായിരുന്നു. അപകടങ്ങള്‍ വര്‍ധിച്ചതോടെ ഈ പാതയിലെ സുരക്ഷ പരിശോധിക്കാന്‍ ദേശീയ പാത അതോറിറ്റി (NHAI) റോഡു സുരക്ഷാ വിദഗ്ധരുടെ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പാത പരിശോധിച്ച് സുരക്ഷ വിലയിരുത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ബിഡാഡി, രാംനഗര, ഛന്നപട്ടണ, മദ്ദൂര്‍, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നീ പ്രധാന ടൗണുകളിലൂടെ കടന്നു പോകുന്ന ഈ പാതയില്‍ നാല് റെയില്‍ മേല്‍പ്പാലങ്ങളും, ഒമ്പത് വലിയ പാലങ്ങളും, 40 ചെറിയ പാലങ്ങളും, 89 അണ്ടര്‍പാസുകളും ആറ് ബൈപ്പാസുകളുമുണ്ട്. കര്‍ണാടകയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള യാത്രകളും ഈ പാത സുഗമമാക്കുന്നു. കൂര്‍ഗ് (coorg), ശ്രീരംഗപട്ടണം, വയനാട്, ഊട്ടി (ooty) തുടങ്ങി ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങളിടെ ട്രാഫിക് കുരുക്ക് കുറയ്ക്കാനും ഈ പാത സഹായിക്കുന്നു.

Legal permission needed