കൊച്ചി. ക്രിസ്മസ് അവധിക്കാലം തുടങ്ങിയതോടെ വിനോദ സഞ്ചാരികൾക്ക് ഇടുക്കി ഡാം (Idukki Dam) തുറന്നു. അവധി സീസണിൽ മാത്രം നിയന്ത്രണങ്ങളോടെയാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് പ്രവേശനം അനുവദിക്കാറുള്ളത്. ഓണം സീസൺ കഴിഞ്ഞ മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വ്യാഴാഴ്ചയാണ് ഇവിടെ സന്ദർശകരെ വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങിയത്. സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31 വരെ മാത്രമെ സന്ദർശകരെ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘമായോ കുടുംബ സമേതമോ ഇടുക്കി ഡാം സന്ദർശിക്കാനെത്തുന്നവരിൽ അധികം പേരും പുതിയ മാറ്റങ്ങളെ കുറിച്ച് അറിഞ്ഞിട്ടില്ല. സെപ്തംബറിൽ വലിയ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ.
പ്രവേശനം വെള്ളാപ്പാറ വഴി മാത്രം
അണക്കെട്ടുകൾ സന്ദർശക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് വെള്ളാപ്പാറ വഴി മാത്രമെ പ്രവേശനമുള്ളൂ. മറ്റെല്ലാ വഴികളും അടച്ചിട്ടുണ്ട്. അണക്കെട്ടിന്റെ പ്രവേശന കവാടത്തിനു പുറത്ത് പുതിയ ടിക്കറ്റ് കൗണ്ടർ തുറന്നിട്ടുണ്ട്. തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്ക് ടിക്കറ്റ് ലഭിക്കില്ല. വൈകീട്ട് 4.30 വരെ മാത്രമെ ടിക്കറ്റ് ലഭിക്കൂ. അണക്കെട്ടിനു സമീപത്തേക്ക് വാഹനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല. സന്ദർശകരുടെ കൈവശമുള്ള ഫോൺ, ക്യാമറ, ബാഗുകൾ തുടങ്ങി എല്ലാ വസ്തുക്കളും ടിക്കറ്റ് കൗണ്ടറിനു സമീപമുള്ള ക്ലോക്ക് റൂമിൽ സൂക്ഷിക്കാം. കൈവശം ഒന്നും അനുവദിക്കില്ല. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയാണ് സന്ദർശകരെ കടത്തി വിടുക. പരിശോധനയ്ക്കായി കൂടുതൽ പൊലീസുകാരേയും വിന്യസിച്ചിട്ടുണ്ട്.
ഡാം നടന്നു കാണാൻ അനുവദിക്കില്ല. ബഗ്ഗി വാഹനങ്ങളിൽ സന്ദർശകരെ അണക്കെട്ട് ചുറ്റിക്കാണിക്കും. നാലു ബഗ്ഗികൾക്കു പുറമെ നാലെണ്ണം കൂടി പുതുതായി എത്തിച്ചിട്ടുണ്ട്. എട്ടു ബഗ്ഗികളിലായി ഒരു സമയം 84 പേർക്ക് കയറാം. വ്യാഴാഴ്ച 200ഓളം പേരാണ് എത്തിയത്.
ടിക്കറ്റ് നിരക്കിലും മാറ്റമുണ്ട്
കുട്ടികൾക്കും മുതിർന്നവർക്കും 20, 40 രൂപ എന്നിങ്ങനെയായിരുന്ന പ്രവേശന ടിക്കറ്റ് നിരക്ക് പുതുക്കി. ഇത് യഥാക്രമം 100 രൂപയും 150 രൂപയുമാക്കി വർധിപ്പിച്ചു. ബഗ്ഗി യാത്രയുടെ നിരക്ക് കൂടി ഉൾപ്പെട്ടതാണ് പുതിയ നിരക്ക്. നേരത്തെ ബഗ്ഗിക്കായി വേറെ പണം നൽകണമായിരുന്നു. നടന്നു കാണാൻ അനുവാദമില്ലാത്തതിനാൽ എല്ലാവരും ബഗ്ഗിയിൽ യാത്ര ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് ഏകീകരിച്ചത്.