പാലക്കാട്. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന നെല്ലിയാമ്പതി ഓറഞ്ച് ഫാം സന്ദർശനത്തിന് ഏര്‍പ്പെടുത്തിയ പ്രവേശന ഫീസ് ഉടന്‍ പ്രാബല്യത്തില്‍ വരില്ല. ഫീസ് ഇടാക്കുന്നതിനു മുമ്പ് ഫാമില്‍ സന്ദര്‍ശകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കൃഷി മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരമാണ് സൗകര്യമൊരുക്കിയ ശേഷം ഫീസ് ഇടാക്കിത്തുടങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ചത്. സൗകര്യങ്ങളിലാതെ സന്ദര്‍ശകരില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കം വിമര്‍ശനത്തിന് കാരണമായിരുന്നു.
കൃഷി വകുപ്പിനു കീഴിലുള്ള ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ (Orange & Vegetable Farm Nelliyampathy) ഫാം ടൂറിസം വികസനത്തിന്റെ ഭാഗമായാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയത്. ഏഴ് മുതല്‍ 15 വയസ്സ് വരെയുള്ളവര്‍ക്ക് 10 രൂപയും 15 വയസ്സിനു മുകളിലുള്ളവര്‍ക്ക് 25 രൂപയുമാണ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളേര്‍പ്പെടുത്തിയ ശേഷം ഇത് ഈടാക്കിത്തുടങ്ങും.
ഫാമിന്റെ മുന്‍വശത്ത് ഒരുക്കിയിട്ടുള്ള മാതൃകാ തോട്ടങ്ങളും പൂന്തോട്ടവും ഉള്‍പ്പെടുന്ന കുറച്ച് പ്രദേശവും ചെക്ക്ഡാമിനു സമീപത്തും മാത്രമാണ് നിലവില്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്. കൃഷി വകുപ്പിനു കീഴിലുള്ള കേരളത്തിലെ ഏക ഓറഞ്ച് തോട്ടമാണിത്. കൂടാതെ തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം വിളയുന്ന സ്‌ട്രോബറി പോലുള്ള പഴങ്ങളും ബ്രോക്കളി, കാരറ്റ്, ബീറ്റ്‌റൂട്ട്, കാബെജ് തുടങ്ങിയ പച്ചക്കറികളുമാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. ഈ കൃഷി കാണുന്നതിനാണ് ഇവിടെ സന്ദര്‍ശകരെത്തുന്നത്. കൂടാതെ തൈകളും, ഫാമില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങളും വാങ്ങുകയും ചെയ്യാം.
അവധി ദിവസങ്ങളില്‍ നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുന്നതിന് ഇരിപ്പിടങ്ങളോ, ലഘുഭക്ഷണത്തിനു സൗകര്യമോ, ശുചിമുറികളോ ഇല്ലാത്തത് സന്ദര്‍ശകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. ഇവയൊരുക്കാതെ പ്രവേശന ഫീസ് ഈടാക്കാന്‍ ശ്രമിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.