NEHRU TROPHY വള്ളംകളി ടിക്കറ്റുകള്‍ ഉടന്‍; നിരക്കുകള്‍ അറിയാം

ആലപ്പുഴ. പ്രശസ്തമായ നെഹ്‌റു ട്രോഫി (NEHRU TROPHY) വള്ളംകളിയുടെ ടിക്കറ്റ് വിതരണം വൈകാതെ ആരംഭിക്കും. ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് അടുത്തയാഴ്ച എത്തും. ഇത്തവണ 40,500 ടിക്കറ്റുകളാണ് പ്രിന്റ് ചെയ്യുന്നത്. ടിക്കറ്റുകളില്‍ ഹോളോഗ്രാമും പതിക്കും. കഴിഞ്ഞ വര്‍ഷത്തെ നിരക്കുകളാണ് ഇത്തവണയും. നെഹ്‌റു ട്രോഫി ബോട്ട് റേസ് (NTBR) സൊസൈറ്റി ഈ വര്‍ഷത്തെ വള്ളംകളി തീയതി ഉറപ്പിച്ചതോടെ നടപടികള്‍ വേഗത്തിലായി. ഓഗസ്റ്റ് 12നാണ് 69ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം. എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് പുന്നമടക്കായലിൽ ഈ ഉത്സവ വള്ളംകളി അരങ്ങേറുക.

ടൂറിസം ഓഫീസുകള്‍ക്കു പുറമെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ മുഖേനയും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് വില്‍പ്പന ഉണ്ടാകും. സൗത്ത് ഇന്ത്യന്‍ ബാങ്കും പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനക്കാരായ ബുക്ക്‌മൈഷോ.കോമും ടിക്കറ്റ് വില്‍പ്പനയ്ക്കായി സംഘാടകരെ സമീപിച്ചിട്ടുണ്ട്.

ടിക്കറ്റ് നിരക്കുകള്‍

ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍)- 3000 രൂപ
ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍)- 2500 രൂപ
റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍)- 1000 രൂപ
വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ
ഓള്‍ വ്യൂ (വൂഡന്‍ ഗാലറി)- 300 രൂപ
ലേക് വ്യൂ (വൂഡന്‍ ഗാലറി)- 200 രൂപ
ലോണ്‍- 100 രൂപ

കേരളത്തിലെ വള്ളംകളി മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് നെഹ്‌റു ട്രോഫി വള്ളംകളി മത്സരം. എല്ലാ വര്‍ഷവും പതിനായിരങ്ങളാണ് കാണികളായെത്തുക. പരമ്പരാഗത വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ 100 അടിയോളം നീളമുള്ള ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുക. തുഴച്ചില്‍ക്കാരുടെ കായിക ബലവും പാട്ടുകാരുടെ താളബോധവും ചേർന്ന് ഈ വള്ളംകളി മത്സരം സ്വയം ഒരു കലാരൂപമായി വികസിച്ചിട്ടുണ്ട്.

കുട്ടനാട്ടിലെ വിവിധ കരക്കാരും കായല്‍ തീരത്തെ ക്ലബ്ബുകളുമാണ് വള്ളങ്ങളും തുഴച്ചില്‍ക്കാരേയും തെരഞ്ഞെടുത്ത്‌ മത്സരത്തിൽ പങ്കെടുക്കുക. വള്ളംകളി മത്സരക്കാലത്ത് പുന്നമടക്കായലില്‍ പരിശീലനം നടത്തുന്ന തുഴച്ചില്‍ വള്ളങ്ങളും വള്ളക്കാരും, മത്സര വള്ളങ്ങള്‍ നീറ്റിലിറക്കുന്ന ജലഘോഷയാത്രകള്‍, വെള്ളത്തില്‍ അലങ്കരിച്ച് പ്രദര്‍ശന വള്ളങ്ങള്‍ എന്നിങ്ങനെ കാഴ്ചകളുടെ ഒരു പൂരം തന്നെയായിരിക്കും. വമ്പന്‍ ചുണ്ടന്‍ വള്ളങ്ങള്‍ മുതല്‍ ചെറിയ ഓടി വള്ളങ്ങള്‍ വരെ കായലില്‍ നിരക്കും.

Legal permission needed