മൈസൂരു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പ്രശസ്തമായ മൈസൂരു ദസറ (MYSURU DASARA) ആഘോഷങ്ങള്‍ക്ക് ചരിത്രനഗരിയില്‍ ഞായറാഴ്ച തുടക്കമായി. തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക, കലാ പരിപാടികള്‍ അരങ്ങേറും. പതിവു പോലെ ദസറ (Naada Habba Mysore Dasara) ആഘോഷങ്ങളുടെ പ്രധാന കാഴ്ചയായ മൈസൂരു കൊട്ടാരം ദീപാലങ്കാരങ്ങളാല്‍ മിന്നിത്തിളങ്ങി. പുഷ്പ മേള, നിരവധി ആനകളെ അണിനിരത്തുന്ന ജംബൂ സവാരി തുടങ്ങിയവയും ആഘോഷങ്ങല്‍ക്ക് പൊലിമ കൂട്ടൂം. ആഘോഷത്തില്‍ പങ്കുചേരാനും ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികളാല്‍ മൈസൂരു നഗരം നിറഞ്ഞു കവിയും.
മൈസൂരു കൊട്ടാരമാണ് വിവിധ സാംസ്‌കാരിക പരിപാടികളുടെ മുഖ്യവേദി. കൊട്ടാരത്തിനടുത്ത എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ വിപുലമായ എക്‌സിബിഷന്‍ ഉണ്ട്. ഒക്ടോബര്‍ 23ന് വൈകീട്ട് നാലു മണിക്ക് ബിന്നിമണ്ഡപ പരേഡ് ഗ്രൗണ്ടില്‍ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വ്യോമ പ്രദര്‍ശനവും ഇത്തവണ ഉണ്ട്. ഹുന്‍സൂര്‍ റോഡിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഗ്രൗണ്ടില്‍ ഭക്ഷ്യമേള നടക്കും.
ഇന്നു മുതല്‍ ഒക്ടോബര്‍ 22 വരെ കര്‍ണാടക കലാ മന്ദിരയില്‍ നടക്കുന്ന പ്രത്യേക ചലച്ചിത്ര മേളയില്‍ 112 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 18 മുതല്‍ 21 വരെ യുവാക്കളുടെ കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള യുവദസറ മഹാരാജ ഗ്രൗണ്ടില്‍ നടക്കും.
ദസറ ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് വിജയദശമി ദിനമായ 24ന് നടക്കുന്ന ജംബു സവാരി എന്ന ഘോഷയാത്ര. വര്‍ണ്ണാഭമായ അലങ്കാരങ്ങളാല്‍ ഒരുക്കിയ 12-ഓളം ആനകളാണ് ഈ ഘോഷയാത്രയുടെ മുഖ്യ ആകര്‍ഷണം. കൂട്ടത്തിലെ പ്രധാന ആനയുടെ പുറത്ത് ചാമുണ്ഡേശ്വരി ദേവിയുടെ രൂപമുണ്ടാകും. മൈസൂര്‍ കൊട്ടാരത്തില്‍ നിന്ന് ബന്നിമണ്ടപിലേക്കാണ് ഘോഷയാത്ര. ഘോഷയാത്രയിലുടനീളം പരമ്പരാഗത നൃത്തങ്ങള്‍, സംഗീത പരിപാടികള്‍, ആയുധ പ്രകടനങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയുണ്ടാകും. ആഘോഷങ്ങളുടെ മറ്റൊരു അവിഭാജ്യ ഘടകമാണ് പീരങ്കി വെടിക്കെട്ട്. പീരങ്കി വെടിയുടെ ശബ്ദത്തിനിടയിലാണ് സംഗീതവാദ്യ കലകളുടെയും നൃത്തനൃത്ത്യങ്ങളുടെയും അകമ്പടിയോടെ ജംബു സവാരി നടക്കുന്നത്.
ഇത്തവണ 414ാമത് ദസറ ഉത്സവമാണ്. ആഘോഷങ്ങളുടെ സുരക്ഷയ്ക്കായി നഗരത്തിലുടനീളം 4200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഡിഐജിയുടെ നേതൃത്വത്തില്‍ 11 എസ്പിമാരും 410 പൊലീസ് ഓഫീസര്‍മാരും അടങ്ങുന്നതാണ് സംഘം. കൂടാതെ സായുധ സേനയുടെ പ്രത്യേക യൂനിറ്റും, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, സ്‌പെഷ്യല്‍ ഗരുഡ് ഫോഴ്‌സ് എന്നീ സേനാ വിഭാഗങ്ങളും രംഗത്തുണ്ട്.