ന്യൂദല്‍ഹി. ദല്‍ഹി മെട്രോ (Delhi Metro) ട്രെയ്‌നില്‍ ചില യാത്രക്കാരുടെ അശ്ലീല പ്രദര്‍ശനങ്ങളും ചെയ്തികളും പതിവായതോടെ ഇതു തടയാന്‍ ഡിഎംആര്‍സി നടപടികൾ കർശനമാക്കി. യാത്രക്കാരുടെ മോശം പെരുമാറ്റം നിരീക്ഷിക്കുന്നതിനും തടയുന്നതിനും ഫ്‌ളയിങ് സ്‌ക്വാഡിനെ മെട്രോ കോച്ചുകളില്‍ വിന്യസിക്കും. സിവില്‍ വേഷത്തിലും യൂനിഫോമിലും ഇവര്‍ ഏതു നിമിഷവും കോച്ചുകളിലെത്തും. മിന്നല്‍ പരിശോധനകള്‍ കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു ഫ്‌ളയിങ് സ്‌ക്വാഡില്‍ മൂന്നോ നാലോ ഉദ്യോഗസ്ഥരുണ്ടാകും. ഇവര്‍ പൊലീസില്‍ നിന്നും സിഐഎസ്എഫില്‍ നിന്നുമുള്ളവരായിരിക്കും. അഞ്ച് ഫ്‌ളെയിങ് സ്വാഡുകളാണ് ദല്‍ഹി മെട്രോയ്ക്കുള്ളത്.
യാത്രക്കാരുടെ മോശം പെരുമാറ്റം കണ്ടെത്തിയാല്‍ ഉടന്‍ റിപോര്‍ട്ട് ചെയ്യുന്നതിന് 155370 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറും മെട്രോ ആരംഭിച്ചിട്ടുണ്ട്. മെട്രോയ്ക്കുള്ളില്‍ ചിത്രീകരിച്ച അശ്ലീല വിഡിയോകള്‍ പ്രചരിക്കുന്നത് ഈയിടെ പതിവായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഉപയോഗിച്ചുള്ള വിഡിയോ ചിത്രീകരണം ദല്‍ഹി മെട്രോ നേരത്തെ നിരോധിച്ചിരുന്നു.
യാത്രക്കാര്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന രീതിയിലാണ് പലപ്പോഴും ഇത്തരക്കാരുടെ പെരുമാറ്റമെന്നാണ് കണ്ടെത്തല്‍. യാത്രക്കാരുടെ മോശം പെരുമാറ്റം നിരീക്ഷിക്കുന്നതിന് മെട്രോ കോച്ചുകളിലെ സിസിടിവി കാമറകളും ഉപയോഗപ്പെടുത്തും. റെഡ് ലൈനില്‍ സര്‍വീസ് നടത്തുന്ന പഴയ മെട്രോ കോച്ചുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കും.