കൊച്ചി. കാലവർഷം കേരളത്തിൽ എത്തിച്ചേരാനുള്ള അനുകൂല സാഹചര്യങ്ങൾ. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. ഇന്നു മുതൽ അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ജൂണ്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ബിപോര്‍ജോയ് (Biparjoy) ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കും. തുടര്‍ന്നുള്ള മൂന്നുദിവസം വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കാലവർഷ മേഘങ്ങൾ കേരള തീരത്തെത്തിയെന്നും എല്ലാ ജില്ലകളിലും ചെറിയ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകനായ രാജീവൻ എരിക്കുളം അറിയിച്ചു.
വിവിധ ജില്ലകളിലെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത
07-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
08-06-2023: ആലപ്പുഴ, എറണാകുളം
09-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
10-06-2023: പത്തനംതിട്ട, ഇടുക്കി
11-06-2023: പത്തനംതിട്ട, ഇടുക്കി
ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
(പുറപ്പെടുവിച്ച സമയം: 01.00 PM; 07-06-2023)
IMD-KSEOC-KSDMA