നമ്മുടെ നാട്ടിലും നാലു-ആറുവരിപ്പാതകൾ യാഥാർത്ഥ്യമാവുകയാണ്. നിലവിലെ ഒറ്റ-ഇരട്ടവരി പാതകളിലെ ശീലങ്ങൾ മാറ്റി പുതിയ പ്രതിരോധ ഡ്രൈവിംഗ് ശീലങ്ങൾ മനസ്സിലാക്കി പരിശീലിക്കേണ്ടിയിരിക്കുന്നു. ബഹുവരിപ്പാതകളിൽ എതിരെ വരുന്ന വാഹനങ്ങളും മറ്റു റോഡുപയോക്താക്കളും പൂർണ്ണമായി തടയപ്പെട്ടിരിക്കുന്നതിനാൽ നിലവിൽ നാം കാണുന്ന, ഗുരുതര പരിക്കുകൾക്കും മരണത്തിനും കാരണമാകുന്ന മുഖാമുഖം കൂട്ടിയിടിച്ചുള്ള അപകടസാധ്യത പൂർണ്ണമായി തടയാൻ കഴിയുന്നു. എന്നാൽ സമാന്തരമായി ഒരേ ദിശയിൽ കൂടിയ വേഗതയിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങൾക്ക് സാധ്യതയേറുന്നുമുണ്ട്.
ഒറ്റ-ഇരട്ടവരിപ്പാതകളിൽ മുന്നിലേക്കാണ് കൂടുതൽ ശ്രദ്ധ അഥവാ നോട്ടം വേണ്ടത്. പക്ഷെ ബഹുവരിപ്പാതകളിൽ എതിർ ദിശയിൽ വാഹനങ്ങൾ ഒട്ടും തന്നെ ഇല്ലാത്തതിനാൽ മുന്നോട്ട് ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ വശങ്ങളിലേയ്ക്കും പിന്നിലേയ്ക്കും ശ്രദ്ധകൊടുത്താണ് വാഹനം ഓടിക്കേണ്ടത്. അതിനായി റിയർവ്യൂ കണ്ണാടികളും ഇൻഡിക്കേറ്ററുകളും കൃത്യമായി ഉപയോഗിച്ച് ശീലിക്കുക.
ആറുവരിപ്പാത ലെയിൻ ഗതാഗതം
ആറുവരിപ്പാതയിൽ ഒരു ദിശയിൽ ചലിക്കുന്ന വാഹനങ്ങളുടെ യാത്രാ ദിശയും വേഗതയും കണക്കാക്കി തരംതിരിച്ച മൂന്ന് ലെയിനുകൾ അഥവാ ഇടനാഴികളാണ് ഉള്ളത്. ഈ വേഗനിയന്ത്രണങ്ങൾ, എല്ലാത്തരം വാഹനങ്ങൾക്കും സുഗമവും സുരക്ഷിതവും സമയ-ഇന്ധന നഷ്ടങ്ങൾ കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനു വേണ്ടിയുള്ളതാണ്.
1. ഓവർടേക്കിംഗ് ലെയിൻ അഥവാ വർദ്ധിതവേഗ ഇടനാഴി (വലതു ലെയ്ൻ)
നാലുവരിപ്പാതയായാലും ആറുവരിപ്പാതയായാലും ഏറ്റവും വലതു വശത്തെ വരി ഓവർ ടേക്കിംഗിനു മാത്രമോ ആംബലൻസ് പോലുള്ള എമർജൻസി വാഹനങ്ങൾക്ക് വേണ്ടി മാത്രമോ എപ്പോഴും ഒഴിച്ചിട്ട് ഇടതുവശത്തെ ട്രാക്കിലൂടെ മാത്രം വാഹനം ഓടിക്കുക. ഓവർടേക്ക് ചെയ്യുമ്പോൾ പോലും നിയമപരമായി നിഷ്കർഷിച്ചിട്ടുള്ള വേഗപരിധി ലംഘിക്കപ്പെടാതെ ശ്രദ്ധിക്കുക.
2. നോർമൽ ലെയിൻ അഥവാ സുരക്ഷിതവേഗ ഇടനാഴി (Middle Lane) :
ആറുവരിപ്പാതകളിൽ ഒരേ ദിശയിലേയ്ക്കുള്ള മൂന്ന് ഇടനാഴികളിൽ മദ്ധ്യ ഇടനാഴിയിലൂടെ ദീർഘ ദൂരം പോകേണ്ട സുരക്ഷിതവേഗതയിൽ ഡ്രൈവ് ചെയ്യപ്പെടുന്ന വാഹനങ്ങൾക്കുള്ള ലെയിൻ അഥവാ ഇടനാഴിയാണ്.
3. ഹെവി വെഹിക്കിൾ ലെയിൻ അഥവാ കുറഞ്ഞവേഗഇടനാഴി (ഇടതു ലെയിൻ)
ഏറ്റവും ഇടതു വശത്തെ ലെയിനിൽ വേഗത നിയന്ത്രണമുള്ള വലിയ ട്രക്കുകൾ, ഇടതു വശത്തേയ്ക്ക് തിരിയേണ്ടുന്ന വാഹനങ്ങൾ, ഇരുചക്ര മുച്ചക്രവാഹനങ്ങൾ ബസ്സ് സ്റ്റോപ്പുകളിൽ ഇടയ്ക്കിടെ നിർത്തേണ്ടിവരുന്ന ബസ്സുൾ ഒക്കെയാണ് ഓടിക്കേണ്ടത്. മുന്നിലെ വാഹനത്തിന്റെ വേഗത വളരെ കുറഞ്ഞ് ഓവർടേക്ക് ചെയ്യേണ്ടിവരുമ്പോൾ മദ്ധ്യവരിയിലേയ്ക്കും ആവശ്യമെങ്കിൽ ഓവർക്കിംഗ് ലെയിനിലും കയറി തിരികെ ഇടതു ലെയിനിലേയ്ക്ക് വന്ന് യാത്ര തുടരാവുന്നതാണ്. ഘട്ടംഘട്ടമായി നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷ ഉറപ്പുവരുത്തി വേഗപരിധി ലംഘിക്കാതെയും ലെയിൻമാറ്റം ചെയ്യാൻ ശ്രദ്ധിക്കുക.
ലെയിൻ ഗതാഗതം സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വശങ്ങളിലേയ്ക്കും പിന്നിലേയ്ക്കും ഉള്ള ജനാലചില്ലുകളിൽ കാഴ്ചമറയുന്ന തരത്തിൽ സ്റ്റിക്കറുകളോ ഫിലിമുകളോ കർട്ടനുകളോ കളിപ്പാട്ടങ്ങളോ ലഗ്ഗേജുകളോ വയ്ക്കാതിരിക്കുക.
- ഓവർ ടേക്കിംഗ് ആവശ്യം അറിയിക്കുന്നതിന് പകൽ ഹോണും രാത്രികാലങ്ങളിൽ ഹെഡ് ലൈറ്റ് ഫ്ലാഷ് സംവിധാനവും ഉപയോഗിക്കുക
- രാത്രി യാത്രയിൽ HI beam ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ചും മുന്നിൽ 50/100 മീറ്ററിനുള്ളിൽ മറ്റൊരു വാഹനം മുന്നിലുള്ളപ്പോൾ.
- വാഹനങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള OEM ലൈറ്റുകളും ഹോണുകളും മാത്രം ഉപയോഗിക്കുക.
- നീല പച്ച തുടങ്ങിയ LED ലൈറ്റുകൾ ഫ്ലാഷർ/മിന്നുന്ന ഫാൻസി ലൈറ്റുകൾ വാഹനത്തിനുള്ളിലും പുറത്തും ഉപയോഗിക്കരുത്.