പാലക്കാട്. KSRTC ബജറ്റ് ടൂറിസം സെല്ലും (BTC) സൈലന്റ് വാലി നാഷനൽ പാർക്കും ചേർന്ന് തുടക്കമിട്ട ജംഗിൾ സഫാരിക്ക് മികച്ച പ്രതികരണം. ജംഗിൾ സഫാരിക്കു പുറമെ കാഞ്ഞിരപ്പുഴ ഡാം സന്ദർശനവും യാത്രയും ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജ് നിരക്ക് 1,250 രൂപയാണ്. 50 പേർക്കാണ് അവസരം. അടുത്ത യാത്ര കെഎസ്ആർടിസി പാലക്കാട് യൂനിറ്റിൽ നിന്ന് ഈ മാസം 29നും 30നും പുറപ്പെടും. ഇപ്പോൾ ബുക്ക് ചെയ്യാം.
രാവിലെ അഞ്ചു മണിക്ക് കെഎസ്ആർടിസി ബസിൽ പുറപ്പെട്ട് ഏഴു മണിയോടെ സൈലന്റ് വാലിയിലെത്തിച്ചേരും. ഇവിടെ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ഫ്രഷായ ശേഷം വനം വകുപ്പ് ഒരുക്കിയ വാഹനത്തിലാണ് വനയാത്ര. ഉച്ച ഭക്ഷണവും ചായയും വനം വകുപ്പ് വകയാണ്. ഒരു മണിയോടെ സഫാരി അവസാനിക്കും. ശേഷം കാഞ്ഞിരപ്പുഴ ഡാം സന്ദർശനം. അതും കഴിഞ്ഞ് വൈകീട്ട് ഏഴു മണിയോടെ പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് പാലക്കാട് നിന്ന് കെഎസ്ആർടിസി സൈലന്റ് വാലി ജംഗിൾ സഫാരി ആരംഭിച്ചിരിക്കുന്നത്. ജംഗിൾ സഫാരിക്ക് 120 പേർക്കാണ് വനം വകുപ്പ് ഒരു ദിവസം പ്രവേശനം നൽകുക. ഇതിൽ 50 ടിക്കറ്റുകൾ എല്ലാ ദിവസവും കെഎസ്ആർടിസിക്കു നൽകാൻ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ബജറ്റ് ടൂറിസം സെല്ലുകൾ സൈലന്റ് വാലി ജംഗിൾ സഫാരി ട്രിപ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. താമസിയാതെ കൂടുതൽ സർവീസുകൾ വരും. ജൂൺ 24ന് പാലക്കാട് നിന്ന് പുറപ്പെട്ട ആദ്യ യാത്രയിൽ 52 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ നോര്‍ത്ത് സോണ്‍ കോഓഡിനേറ്റര്‍ അബ്ദുല്‍ റഷീദ് പറഞ്ഞു.
