തിരുവനന്തപുരം. KSRTC അവതരിപ്പിച്ച ഏറ്റവും പുതിയ എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസ് സർവീസിനു തുടക്കമായി. തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് ആദ്യ സർവീസ്. നിലവിൽ ദീർഘദൂര സർവീസ് നടത്തി വരുന്ന വോൾവോ ലോഫ്ളോർ എ.സി ബസുകൾക്ക് പകരമായാണ് പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് എ.സി. ബസുകൾ കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. ലോഫ്ളോർ ബസുകൾ ഇനി നഗര സർവീസുകൾക്കു മാത്രമായി ഉപയോഗിക്കാനാണു പദ്ധതി. പുതിയ എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സർവീസിനായി ആദ്യഘട്ടത്തില്‍ 48 ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. ഇവ ഘട്ടംഘട്ടമായി നിരത്തിലിറക്കും.
തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് പുതിയ സർവീസ്. 40 സീറ്റുകളുള്ള ബസില്‍ പിന്നിലെ അഞ്ച് സീറ്റുകള്‍ ഒഴികെ മറ്റെല്ലാം പുഷ്ബാക്ക് സീറ്റുകളാണ്. സീറ്റ് ബെല്‍റ്റും ഫൂട് റെസ്റ്റും ചാര്‍ജിംഗ് പോര്‍ട്ടുമുണ്ട്. എ.സി പ്രവര്‍ത്തിക്കാത്ത സാഹചര്യങ്ങളിൽ സൈഡ് ഗ്ലാസുകള്‍ നീക്കാനും കഴിയും. ലോഫ്ളോർ ബസുകളിൽ ഇതു കഴിയില്ലായിരുന്നു. യാത്രക്കാർക്ക് ബസിൽ കുടിവെള്ളവും സ്നാക്സും വാങ്ങാനുള്ള സൌകര്യവുമുണ്ട്.
നിരക്കുകളും സ്റ്റോപ്പുകളും ഇങ്ങനെ
തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 21 സ്റ്റോപ്പുകളാണ് ഉള്ളത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള യാത്രയ്ക്ക് നികുതിയും സെസും ഉൾപ്പെടാതെ 350 രൂപയാണ് നിരക്ക്. മിനിമം നിരക്ക് 60 രൂപ. സൂപ്പര്‍ഫാസ്റ്റ് നിരക്കിനും എക്സ്പ്രസ് നിരക്കിനുമിടയിലാണ് സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. വെഞ്ഞാറമൂട്-60 രൂപ, കൊട്ടാരക്കര-120 രൂപ, അടൂർ-150 രൂപ, ചെങ്ങന്നൂർ-190 രൂപ, തിരുവല്ല-210 രൂപ, കോട്ടയം-240 രൂപ, തൃപ്പൂണിത്തുറ-330 രൂപ, എറണാകുളം-350 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ
പ്രധാന ബസ് സ്റ്റാൻഡുകളിൽ മാത്രമെ കയറൂ. സീറ്റൊഴിവ് ഇല്ലെങ്കിൽ സ്റ്റാൻഡുകളിൽ കയറില്ല. 10 രൂപ അധികമായി നല്‍കി ബുക്ക് ചെയ്യുന്നവർക്ക് സ്റ്റോപ്പില്ലാത്ത ഇടങ്ങളിൽ നിന്നും ഈ ബസിൽ കയറാം. ഇതിനായി കയറുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ ബുക്കിംഗ് സമയത്ത് നൽകിയാൽ മതി.
പാപ്പനംകോഡ്, തിരുവനന്തപുരം സെന്‍ട്രല്‍, പി.എം.ജി, പട്ടം, കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍ സ്റ്റാന്‍ഡ്, ചടയമംഗലം ബസ് സ്റ്റാന്‍ഡ്, വാളകം, കൊട്ടാരക്കര ബസ് സ്റ്റാന്‍ഡ്, അടൂര്‍, പണ്ടാലം, ചെങ്ങന്നൂര്‍ ബസ് സ്റ്റാന്‍ഡ്, തിരുവല്ല, ചങ്ങാനാശ്ശേരി, കോട്ടയം ബസ് സ്റ്റാന്‍ഡ്, ഏറ്റുമാനൂര്‍, കടുത്തുരുത്തി, തൃപ്പൂണിത്തുറ, വൈറ്റില ഹബ്, എറണാകുളം ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
സമയക്രമം
തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.30ന് പുറപ്പെടുന്ന ബസ് 11.05ന് എറണാകുളത്ത് എത്തിച്ചേരും. തിരിച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് വൈകീട്ട് 7.35ന് തിരുവനന്തപുരത്ത് എത്തും.