✍🏻സാജൻ ഗോപാലൻ
വാട്ടർ മെട്രോ എന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇതെന്താണ് സംഭവം എന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. വെള്ളത്തിലൂടെ പാളത്തിൽ ഓടുന്ന വണ്ടികളോ ഇതെന്ന് പലരും സംശയിച്ചാൽ അവരെ കുറ്റം പറയാനും പറ്റില്ല. എന്തായാലും ഇതൊന്ന് കണ്ടുകളയാം എന്ന് ഇത്തവണ എറണാകുളത്ത് പോയപ്പോൾ തീരുമാനിച്ചു. പ്രിയ സുഹൃത്ത് സാജൻ ജോൺ വാട്ടർ മെട്രോയുടെ സിഒഒ ആണ്. സാജൻ സ്ഥലത്തുണ്ടായിരുന്നത് കൊണ്ട് അവരുടെ ട്രയൽ റണ്ണിൽ ഒപ്പം കൂടാൻ പറ്റി. സാജനൊപ്പം അതിമനോഹരമായ ഈ യാത്ര ആസ്വദിച്ചു. ഈ വാട്ടർ മെട്രോ തുടങ്ങിക്കഴിഞ്ഞാൽ കൊച്ചിയുടെ മുഖഛായ തന്നെ മാറും എന്ന് ഉറപ്പായും പറയാം.
ഹൈ കോർട്ട് ജങ്ഷനിലാണ് പ്രധാന ജെട്ടി. ഇവിടെനിന്ന് പത്ത് ദ്വീപുകളിലേക്ക് 78 ഇലക്ട്രിക്ക് ബോട്ടുകളിൽ ഓരോ പതിനഞ്ചു മിനിട്ടിലും ഒരു ബോട്ട് യാത്ര പുറപ്പെടും. സാധാരണ ബോട്ടുകളേക്കാൾ സ്പീഡ് കൂടുതലാണ്. പതിനഞ്ചു മിനിറ്റിൽ വൈപ്പിനിലെത്താം. തിരക്കുള്ള സമയത്ത് റോഡിലൂടെ പോയാൽ ഒരു മണിക്കൂർ എടുക്കുന്ന യാത്രയാണ് ഇങ്ങനെ പതിനഞ്ചു മിനിറ്റിൽ എത്തുന്നത്.
വാട്ടർ മെട്രോ പ്രവർത്തനം ആരംഭിക്കുമ്പോൾ ലോകത്തെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബോട്ട് ഫ്‌ളീറ്റ് ആകും എന്നാണ് സാജൻ പറയുന്നത്. ബോട്ടുകൾ നിർമിച്ചിരിക്കുന്നത് കൊച്ചിൻ ഷിപ്‌യാർഡിലാണ്. അതിമനോഹരമാണ് ഡിസൈൻ. മുഴുവനായും എയർ കണ്ടിഷൻ ചെയ്ത ഹാളിൽ നൂറു പേർക്ക് യാത്ര ചെയ്യാം. വശങ്ങളിൽ വലിയ ഗ്ലാസ്സിലൂടെ കായലിന്റെ കാഴ്ച്ച അതിമനോഹരമാണ്.
ഇരുപത് രൂപയാണ് ടിക്കറ്റ് നിരക്ക്. സ്ഥിര യാത്രക്കാരെ ആകർഷിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം. അങ്ങനെ വരുമ്പോൾ റോഡിലെ തിരക്കും പൊടിയും മാലിന്യങ്ങളും കുറയും. കൊച്ചി മെട്രോയിൽ നിന്ന് വാട്ടർ മെട്രോ സ്റ്റേഷനിലേക്ക് ഇലക്ട്രിക്ക് ബസ്സുണ്ട്. എത്തിച്ചേരുന്ന ദ്വീപുകളിൽ ഇലക്ട്രിക്ക് ബസ്സുകൾ നല്കാൻ വാട്ടർ മെട്രോ ഉദ്ദേശിക്കുന്നുമുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേക സംവിധാനമുണ്ട്. അമ്മമാർക്ക് കുട്ടികളെ മുലയൂട്ടാനും പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.
ക്രമേണ ഇതൊരു പ്രധാന ടൂറിസ്റ്റ് ആകർഷണം കൂടിയാവും എന്ന് തീർച്ച. പൂർണമായും സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ 16 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. കൊച്ചി മെട്രോയിൽ എന്നപോലെ ഇവിടെയും ഫെസിലിറ്റേഷൻ കൗണ്ടറും മറ്റും നടത്തുന്നത് കുടുംബശ്രീയിൽ നിന്നുള്ള സ്ത്രീകളാണ്. ഇതൊക്കെ കൊള്ളാം, ഇതേക്കുറിച്ച് കേട്ടുതുടങ്ങിയിട്ട് കുറെ കാലമായല്ലോ..എപ്പോൾ ആണ് യഥാർത്ഥത്തിൽ സംഗതി ഓടി തുടങ്ങുക എന്നാണ് പലരും ചോദിക്കുന്നത്. അവർക്ക് നല്ല വാർത്ത ഉടൻ കൊടുക്കാൻ കഴിയും എന്നാണ് സാജന്റെ പ്രതീക്ഷ. ഈ ആശയം മറ്റ് ജലാശയങ്ങളിലേക്കും വ്യാപിക്കും എന്നാശിക്കാം.