കൊച്ചി. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ (Kochi Water Metro) സർവീസ് ഏപ്രിൽ 26 മുതൽ കൊച്ചിയിൽ ആരംഭിക്കും. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ്. 20 മിനിറ്റിൽ എത്തും. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് സർവീസ്. ഏറ്റവും കുറഞ്ഞ നിരക്ക് 20 രൂപയും ഉയർന്ന നിരക്ക് 40 രൂപയുമാണ്. രണ്ടാമത്തെ റൂട്ടായ വൈറ്റില – കാക്കനാട് സർവീസ് ഏപ്രിൽ 27ന് തുടങ്ങും. 30 രൂപയാണ് നിരക്ക്. 25 മിനിറ്റിൽ കാക്കനാട് എത്തും.
എട്ട് ബോട്ടുകളിലായി 78 സർവീസുകൾ നടത്തും. കൊച്ചി മെട്രോയ്ക്ക് സമാനമായ സൗകര്യങ്ങളുള്ള 38 ടെർമിനലുകൾ 10 ദ്വീപുകളിലായി ഉണ്ട്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും. മലിനീകരണം വളരെ കുറഞ്ഞ ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടേത്. പൂർണമായും ശീതീകരിച്ച ബോട്ടുകൾ ഭിന്നശേഷിസൗഹൃദവുമാണ്. കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും വാട്ടർ മെട്രോ പുതിയ കുതിപ്പേകും.
ഇളവുകളോടെ യാത്രാ പാസുകളും കൊച്ചി വാട്ടർ മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്.
12 യാത്രകൾക്കുള്ള പ്രതിവാര പാസ് – 180 രൂപ
50 യാത്രകൾക്കുള്ള പ്രതിമാസ പാസ്- 600 രൂപ
150 യാത്രകൾക്കുള്ള ത്രൈമാസ പാസ്- 1500 രൂപ
കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫ്ളോട്ടിംഗ് പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്.
1136.83 കോടി രൂപ ചെലവിലാണ് കേരളത്തിന്റെ ഈ അഭിമാന പദ്ധതി ഒരുങ്ങിയത്. ജർമൻ ഫണ്ടിംഗ് ഏജൻസിയായ കെഎഫ്ഡബ്യൂയുവിൽ നിന്നുള്ള വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഇതിലുൾപ്പെടുന്നു. സർവീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ചവയാണ്. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡും കൊച്ചി വാട്ടർ മെട്രോ നേടിയിരുന്നു.
Excellent