കൊച്ചി. പ്രശസ്ത ബ്രിട്ടീഷ് ലക്ഷുറി ട്രാവൽ മാഗസിനായ കോൻഡെ നാസ്റ്റ് ട്രാവലർ (Condé Nast Traveller) പ്രസിദ്ധീകരിച്ച 2024ൽ കണ്ടിരിക്കേണ്ട ഏഷ്യയിലെ ഏറ്റവും മികച്ച ഇടങ്ങളുടെ പട്ടികയിൽ നമ്മുടെ സ്വന്തം കൊച്ചി ഒന്നാമത്. മാത്രവുമല്ല, ഒട്ടേറെ ഡെസ്റ്റിനേഷനുകളുള്ള ഇന്ത്യയിൽ നിന്ന് ഈ പട്ടികയിൽ ഇടം നേടിയ ഏക സ്ഥലവും കൊച്ചിയാണ്. കേരള ടൂറിസത്തിന് ഈ നേട്ടം ആഗോള തലത്തിൽ നേട്ടമാകും. കൊച്ചിയുടെ പ്രകൃതി സൗഹൃദ, സുസ്ഥിര പദ്ധതികൾ, ഗംഭീരവും അത്യാകർഷകവുമായ കായലുകളും തുരുത്തുകളും ജലപാതകളും, പ്രാദേശിക ഉത്സവങ്ങൾ എന്നിവ ആസ്വദിക്കാൻ ഏഷ്യയിലെ ഏറ്റവും മികച്ച ഇടമെന്നാണ് The Best Places to Go in Asia in 2024 പട്ടികയിൽ കോൻഡെ നാസ്റ്റ് കൊച്ചിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
അറബ്, ചൈനീസ്, യൂറോപ്യൻ വ്യാപാരികളുമായുള്ള കൊച്ചിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വാണിജ്യ പാരമ്പര്യം, ലോകത്തെ ആദ്യ വാട്ടർ മെട്രോ സംവിധാനം, പൂർണമായും സൗരോര്‍ജത്തില്‍ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമായ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് (Cochin International Airport Ltd), ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കൊച്ചിയിലെ എറണാകുളം മാർക്കറ്റ് എന്നിവയെല്ലാം കൊച്ചിയുടെ സവിശേഷതകളിൽ എണ്ണിപ്പറയുന്നു.
കൊച്ചി എന്ന ഡെസ്റ്റിനേഷനു പുറമെ കേരള ടൂറിസത്തേയും പ്രത്യേകം പരാമർശിക്കുന്നുണ്ട്. കൊച്ചിയെ മൂന്നാർ, കോഴിക്കോട് അടക്കമുള്ള ടൂറിസം സാധ്യതകളുള്ള ഇടങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി ഉൾപ്പെടെ ടൂറിസം രംഗത്തെ പശ്ചാത്തലസൗകര്യ വികസന, സുസ്ഥിര ടൂറിസം പദ്ധതികളേയും ഏടുത്തു പറയുന്നു. കൊച്ചി മുസിരിസ് ബിനാലെ, തൃശൂർ പൂരം, ഏഴിക്കരയിലെ ചീന വലകൾ, നിളയോരത്തെ, കാലാവസ്ഥയെ അതിജീവിക്കുന്ന പൊക്കാളി പാടം, പാലക്കാട് തൊട്ട് പൊന്നാനി വരെ സാംസ്കാരിക പൈതൃക വഴികൾ തുടങ്ങിയവയെല്ലാം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
പട്ടികയിൽ രണ്ടാമത് നേപ്പാളിലെ സാംസ്കാരികോത്സവങ്ങളുടെ കേന്ദ്രമായ കാഠ്മണ്ഡു വാലിയാണ്. അറിയപ്പെടാത്ത നടപ്പാതകൾ, രാജ്യാന്തര നാടൻ കലോത്സവം, പുതിയ കാഴ്ചകൾ എന്നിവ ആസ്വദിക്കാനുള്ള ഇടമായാണ് കാഠ്മണ്ഡു വാലിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
സിംഗപൂർ ആണ് മൂന്നാമത്. വനപാതകൾ, ആഡംബര താമസം സൗകര്യങ്ങൾ, ടൈലർ സ്വിഫ്റ്റ് മാനിയ എന്നിവയാണ് ഇവിടുത്തെ വിശേഷങ്ങൾ
ഉസ്ബെക്കിസ്ഥാനിലെ സിൽക്ക് റോഡ് നാലാം സ്ഥാനത്താണ്. പുരാത സിൽക്ക് പാതയുടെ വശ്യതയും ഹൈസ് സ്പീഡ് റെയിൽ പാതകളുടെ പുതുമയും സംഗമിക്കുന്ന ഇടമായി വിശേഷിപ്പിച്ചിരിക്കുന്നു.
തെക്കു പടിഞ്ഞാറന ജപ്പാനിൽ മലനിരകൾക്കും കടൽതീരത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന കൊബേ നഗരത്തിനാണ് അഞ്ചാം സ്ഥാനം. സർഗാത്മകയുടേയും ജാപ്പനീസ് ഡിസൈനിന്റേയും ഹിപ് ഹോട്ടലുകളുടേയും കേന്ദ്രമാണിത്.
തായ്ലൻഡിലെ ബാങ്കോക്ക് (ചൈന ടൌൺ) ആണ് പട്ടികയിൽ ആറാമത്. ലോകത്തിലെ ഏറ്റവും വലിയ ചൈനാ ടൌണുകളിലൊന്നും വിപുലമായ ഭക്ഷണവൈവിധ്യത്തിന്റേയും നാട്.
വിസയില്ലാതെ യാത്ര ചെയ്യാവുന്ന മംഗോളിയയാണ് ഏഴാം സ്ഥാനത്ത്. വ്യത്യസ്ത സാംസ്കാരിക അനുഭവങ്ങളും നവ്യമായ സാഹസികതയുടേയും നാട്.
യുഎഇയിലെ ഏഴും എമിറേറ്റുകളിലൊന്നായ റാസ് അൽ ഖൈമ പട്ടികയിൽ എട്ടാമതെത്തിയിരിക്കുന്നു. സാഹസിക കായിക വിനോദങ്ങളുടെ കേന്ദ്രമാണ്. മികച്ച താമസ സൌകര്യങ്ങളും പർവ്വതനിരകളുടെ വശ്യമനോഹാരിതയുമാണ് പ്രത്യേകത.
സൌദി അറേബ്യയിലെ റെഡ് സീ അതിന്റെ സ്വാഭാവിക പ്രകൃതി ഭംഗിക്കും സുസ്ഥിരതയ്ക്കും പേരെടുത്ത ഇടമാണ്. പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
വിയറ്റ്നാമിലെ ദാ നാംഗ് ആണ് പത്താമത്. പ്രകൃകി സൌന്ദര്യം, മധ്യ വിയറ്റ്നാമിലെ ഭക്ഷ്യവൈവിധ്യം, ആഘോഷങ്ങൾ എന്നിവയാണ് പ്രത്യേകതകൾ.
സുഖ ചികിത്സ, ഭക്ഷ്യമേള, 300 കിലോമീറ്ററോളം ദൂരം വരുന്ന ഹൈക്കിങ് പാതകളുടെ ശൃംഖല… തുടങ്ങി വിനോദ സഞ്ചാരികൾക്കായി പലതുമുള്ള ശ്രീലങ്ക മികച്ച ഇടമായി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.