കൊച്ചി. നഗരത്തിന്റെ മുഖമായ മറൈന്‍ഡ്രൈവ് വോക്‌വേയില്‍ രാത്രി 10 മുതല്‍ രാവിലെ 5 മണി വരെ പ്രവേശനം നിരോധിക്കും. ഇവിടെയുള്ള അനധികൃത കച്ചവടങ്ങളെ ഒഴിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. മറൈന്‍ഡ്രൈവ് വോക്‌വേ ശരിയായി പരിപാലിക്കുന്നില്ലെന്നും ഇവിടെ സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നതായും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. കൊച്ചി മേയര്‍ എം അനില്‍കുമാറിന്റേയും ജിസിഡിഎ (GCDA) ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ളയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. കോര്‍പറേഷന്‍, ജിസിഡിഎ, പൊലീസ്, സിഎസ്എംഎല്‍ എന്നിവര്‍ ചേര്‍ന്ന് മറൈന്‍ഡ്രൈവ് പരിപാലനവും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് മേയര്‍ അറിയിച്ചു.
അനധികൃത ബോട്ട് സര്‍വീസുകള്‍ അവസാനിപ്പിക്കും. ബോട്ടുകളില്‍ നിന്നുള്ള മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ബോട്ടുടമകളുടെ യോഗം വിളിച്ച് നടപടികള്‍ സ്വീകരിക്കും. മറൈന്‍ഡ്രൈവിലെ മാലിന്യം തരംതരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനമൊരുക്കും. ഇവ ആഴ്ചയിലൊരിക്കല്‍ കേര്‍പറേഷന്‍ ശേഖരിക്കും. നിരീക്ഷണ ക്യാമറകളും വൈദ്യുത വിളക്കുകളും പൂര്‍ണ പ്രവര്‍ത്തന സജ്ജമാക്കും. ശുചിത്വ പരിപാലനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ സ്ഥാപിച്ച് പുരോഗതി വിലയിരുത്താനും തീരുമാനമായി.