മൂന്നാർ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആദ്യ ഘട്ടം വികസനം പൂർത്തിയായതോടെ ടോൾ പിരിവ് ആരംഭിക്കുന്നു. ലാക്കാട് ടോൾ പ്ലാസ തിങ്കളാഴ്ച (നവംബർ 27) മുതൽ പ്രവർത്തനം തുടങ്ങും. മൂന്നാർ മുതൽ ബോഡിമെട്ടുവരെ റോഡിന്റെ പുനർനിർമാണം നേരത്തെ പൂർത്തിയായിരുന്നു. ഈ പാതയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ലാക്കാട് ടോൾ പ്ലാസ തുറക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസയാണിത്.
മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയായ (National Highway 85) ഈ റൂട്ടിൽ സഞ്ചാരികൾക്ക് ടോൾ നൽകേണ്ടിവരും. ഇടുക്കി ജില്ലയിലെ കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് 20 രൂപയും ജില്ലയ്ക്കു പുറത്തു നിന്നുള്ളവയ്ക്ക് 35 രൂപയുമാണ് നിരക്ക്. ജില്ലയിലെ ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് 60 രൂപയും പുറത്തു നിന്നുള്ള ഹെവി വാഹനങ്ങൾക്ക് 120 രൂപയുമാണ് നിരക്ക്.
കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ഇടുക്കി ജില്ലയിൽ വലിയ വികസനത്തിനാണ് വഴിയൊരുക്കുന്നത്. ജില്ലയിലെ വിവിധ മലയോര വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാതയും അതിമനോരമാണ്. പാതയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും സർക്കാരിന് ആലോചനയുണ്ട്.