തിരുവനന്തപുരം. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL 99 എന്ന പ്രത്യേക നമ്പര്‍ അനുവദിക്കണമെന്ന നിര്‍ദേശത്തിന് അംഗീകാരം. ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങും. സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് പ്രത്യേക ഓഫീസും തുറക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 15 എന്ന നമ്പർ നല്‍കിയതു പോലെയാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും മോട്ടോർ വാഹന വകുപ്പ് (MVD) പ്രത്യേക നമ്പര്‍ നല്‍കുന്നത്. കേരള സ്റ്റേറ്റ് എന്ന ബോർഡ് വച്ച് വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നമ്പർ സീരീസ് അവതരിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് KL 99 A, സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് KL 99 B, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് KL 99 C, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് KL 99 D എന്നിങ്ങനെ ആയിരിക്കും ഈ പുതിയ സീരിസ് നമ്പറുകള്‍ അനുവദിക്കുക.